ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായ ശേഷം പി ടി ഉഷയ്ക്ക് ഇതെന്തുപറ്റി…?; ഗുസ്തി താരങ്ങളെ തള്ളിപ്പറഞ്ഞത് ചോദ്യംചെയ്ത് ഡോ.ശൂരനാട് രാജശേഖരന്‍

Jaihind Webdesk
Sunday, April 30, 2023

തിരുവനന്തപുരം: ദേശീയ ഗുസ്തി താരങ്ങളുടെ സമരത്തെ തള്ളിപ്പറയുവാൻ പിടി ഉഷയ്ക്ക് എങ്ങനെ സാധിച്ചുവെന്ന് മുൻ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റും കോണ്‍ഗ്രസ് നേതാവുമായ ഡോ.ശൂരനാട് രാജശേഖന്‍ ചോദിച്ചു. ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായ ശേഷം പി ടി ഉഷയ്ക്ക് ഇതെന്തുപറ്റി…? ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മുഖ്യമന്ത്രി കെ കരുണാകരനും ഉഷയെ ചേർത്തുപിടിച്ച് സംരക്ഷിച്ചതും പ്രോത്സാഹിപ്പിച്ചതും അഭിമാനപൂർവ്വം കൊണ്ടാടിയതും രാഷ്ട്രീയം നോക്കിയല്ല, ഇന്ത്യയ്ക്ക് അഭിമാനം പകർന്നു നൽകിയ ലോക കായികതാരം ആയതുകൊണ്ടാണ്.  കായികതാരങ്ങളുടെ കണ്ണീരൊപ്പാൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റ് എന്ന നിലയിലുള്ള ഉത്തരവാദിത്വം ഉഷ നിർവഹിക്കണമെന്നും ശൂരനാട് രാജശേഖന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ഫേസ് ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ ശേഷം പി ടി ഉഷയ്ക്ക് ഇതെന്തുപറ്റി…?
ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റായ പി ടി ഉഷയ്ക്ക് ദേശീയ ഗുസ്തി താരങ്ങളുടെ സമരത്തെ തള്ളിപ്പറയുവാൻ എങ്ങനെ കഴിഞ്ഞു…?. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റിന്റെ ലൈംഗിക ചൂഷണം ഉൾപ്പെടെയുള്ള നീചമായ ചൂഷണങ്ങളിൽ നിന്നും രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യയ്ക്ക് അഭിമാനം പകർന്ന ദേശീയ ഗുസ്തി താരങ്ങളുടെ കണ്ണുനീരിൽ കുതിർന്ന, അനിശ്ചിതകാല സമരമാണ് ഡൽഹിയിലേതെന്ന് ഓർക്കണം. കേസിൽ ഒരു എഫ്ഐആർ എടുക്കുവാൻ പോലും കായികതാരങ്ങൾക്ക് സുപ്രീംകോടതിയുടെ മുന്നിലെത്തേണ്ടി വന്നു.
ഗുസ്തി ഫെഡറേഷനും ഒളിമ്പിക് അസോസിയേഷനിൽ അംഗമാണ്. എല്ലാ കായികതാരങ്ങളുടെയും സംരക്ഷണവും പ്രോത്സാഹനവും ആണ് പി ടി ഉഷയെ കാലം ഏൽപ്പിച്ചത്.
ഇന്ദിര ഗാന്ധിയും രാജീവ് ഗാന്ധിയും മുഖ്യമന്ത്രി കെ കരുണാകരനും ഉഷയെ ചേർത്തുപിടിച്ച് സംരക്ഷിച്ചതും പ്രോത്സാഹിപ്പിച്ചതും അഭിമാനപൂർവ്വം കൊണ്ടാടിയതും രാഷ്ട്രീയം നോക്കിയല്ല, ഇന്ത്യയ്ക്ക് അഭിമാനം പകർന്നു നൽകിയ ലോക കായികതാരം ആയതുകൊണ്ടാണ്.
ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും ദേശീയ ഗെയിംസിലും ഉഷ രാജ്യത്തിന്‌ വേണ്ടി സംഭാവന ചെയ്ത സുവർണ്ണ മുഹൂർത്തങ്ങൾ നേരിൽ കാണുവാൻ അവസരം ലഭിച്ച അന്നത്തെ കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയായിരുന്നു ഞാൻ, കായികതാരങ്ങളുടെ കണ്ണീരൊപ്പാൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുള്ള ഉത്തരവാദിത്വം ഉഷ നിർവഹിക്കണം.
ഡൽഹിയിൽ സമരത്തിൽ തുടരുന്ന ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം..