അയല്‍ രാജ്യങ്ങളെ ശത്രുപാളയത്തിലാക്കിയത് മോദി സര്‍ക്കാരിന്‍റെ പാളിയ വിദേശനയത്തിന്‍റെ പരിണിതഫലം: ഡോ. ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Wednesday, June 17, 2020

ഇന്ത്യയുടെ അയല്‍ രാജ്യങ്ങളെ ശത്രുപാളയത്തിലാക്കിയത് മോദി സര്‍ക്കാരിന്റെ പാളിപ്പോയ വിദേശ നയത്തിന്റെ ഫലമായാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ് ഡോ. ശൂരനാട് രാജശേഖരന്‍. നേപ്പാള്‍ പാര്‍ലമെന്റ് അംഗീകരിച്ച പുതിയ ഭൂപടം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധങ്ങള്‍ വഷളാക്കുമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘1950ൽ ഇന്ത്യ-നേപ്പാൾ സമാധാന സൗഹൃദ ഉടമ്പടി ഒപ്പുവെച്ചശേഷം ഇരു രാജ്യങ്ങളും തമ്മിൽ വളരെ സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്. എന്നാൽ നരേന്ദ്ര മോദി അധികാരമേറ്റ ശേഷം അതിൽ മാറ്റങ്ങൾ പ്രകടമായി. മധേശി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് നേപ്പാളിൽ ഇന്ത്യ വിരുദ്ധ വികാരം വളരുന്നതിനിടയാക്കി. മോദി സർക്കാർ നടപ്പിലാക്കിയ ഉപരോധം ചൈന അവസരമാക്കി മാറ്റുകയും നേപ്പാൾ ചൈന ബന്ധം ദൃഢമാക്കുകയും ചെയ്തു. ഇതിന്‍റെ  അപകടം അക്കാലത്തു തന്നെ നയതന്ത്ര മേഖലയുമായി ബന്ധപ്പെട്ടവരെല്ലാം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതുമാണ് എന്നാൽ മോദി സർക്കാർ ചെവികൊണ്ടില്ല’- അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

‘പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി എന്ന ധീരവനിതയുടെ ചങ്കൂറ്റത്തിന്‍റെ ഒരംശമെങ്കിലും നരേന്ദ്രമോദി കാണിച്ചാല്‍, ഓരോ ഭാരതീയന്‍റെയും നട്ടെല്ല് ഇങ്ങനെ പണയം വയ്ക്കേണ്ടി വരില്ലായിരുന്നു. ഓരോ ഭാരതീയന്‍റെയും ആത്മാഭിമാനത്തെ അതിർത്തിക്കപ്പുറത്തു നിന്നും ചോദ്യം ചെയ്യാന്‍ വരുമ്പോള്‍ ഇന്ദിരാജിയുടെ അത്രയില്ലെങ്കിലും അതിന്‍റെ ഒരംശമെങ്കിലും തന്‍റേടം കാണിക്കേണ്ട ബാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്’. – അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ  പൂര്‍ണരൂപം

നേപ്പാൾ പാർലമെന്റ് അംഗീകരിച്ച പുതിയ ഭൂപടം ഇന്ത്യയും നേപ്പാളുംതമ്മിലുള്ള ബന്ധങ്ങൾ വഷളാക്കുമെന്നുറപ്പാണ്…

1962ൽ ചൈനയുമായുണ്ടായ യുദ്ധത്തിനു ശേഷം ഇന്ത്യ തന്ത്രപ്രധാനമായ മേഖലകളായി കരുതി സൈനിക നിരീക്ഷണം നടത്തുന്ന കാലാപാനി, ലിപുലെഖ്, ലിംപിയാദുര തുടങ്ങിയ പ്രദേശങ്ങളെല്ലാം നേപ്പാള്‍ പുതിയ മാപ്പിൽ ഉള്‍പ്പെടുത്തിയത് എന്നത് അതീവ ഗൗരവമായ കത്തേണ്ടതാണ്.

1950ൽ ഇന്ത്യ-നേപ്പാൾ സമാധാന സൗഹൃദ ഉടമ്പടി ഒപ്പുവെച്ചശേഷം ഇരു രാജ്യങ്ങളും തമ്മിൽ വളരെ
സൗഹൃദത്തിലാണ് കഴിഞ്ഞിരുന്നത്.എന്നാൽ നരേന്ദ്ര മോദി അധികാരമേറ്റ ശേഷം അതിൽ മാറ്റങ്ങൾ പ്രകടമായി.
മധേശി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഇന്ത്യ ഏർപ്പെടുത്തിയ ഉപരോധത്തെ തുടർന്ന് നേപ്പാളിൽ ഇന്ത്യ വിരുദ്ധ
വികാരം വളരുന്നതിനിടയാക്കി. മോദി സർക്കാർ നടപ്പിലാക്കിയ ഉപരോധം ചൈന അവസരമാക്കി മാറ്റുകയും നേപ്പാൾ ചൈന ബന്ധം ദൃടഢമാക്കുകയും ചെയ്തു. ഇതിന്‍റെ അപകടം അക്കാലത്തു തന്നെ നയതന്ത്ര മേഖലയുമായി ബന്ധപ്പെട്ടവരെല്ലാം കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നതുമാണ് എന്നാൽ മോദി സർക്കാർ ചെവികൊണ്ടില്ല.

ഒന്നര ദശകങ്ങൾക്കപ്പുറം നേപ്പാളിൽ രാജഭരണത്തിനെതിരെ ജനാധിത്യത്തിന് വേണ്ടി നടന്ന സമരങ്ങളെ പിന്തുണക്കുന്നതിന്റെ പേരിൽ ഇന്ത്യയോട് കടുത്ത ശത്രുത പുലർത്തിയ മഹേന്ദ്ര രാജാവിന്റെയും ബീരേന്ദ്ര രാജാവിന്റെയും കാലത്തുപോലും നോപ്പാൾ ഇത്തരത്തിലൊരു കടുത്ത നീക്കത്തിലേക്ക് പോയിരുന്നില്ല. എന്നാൽ അതിർത്തിയിൽ ഇന്ത്യൻ ഭൂപ്രദേശത്തിനുള്ളിലേക്ക് ചൈനീസ് സൈന്യംകടന്നുകയറിയ വേളയിൽത്തന്നെയാണ് നേപ്പാളിൻ്റെയു പ്രകോപനം എന്നത് പ്രത്യേകം പരിഗണിക്കണ്ട വസ്തുതയാണ്.

നേപ്പാളും ചൈനയും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഇന്ത്യയുടെ അയൽ രാഷ്ട്രങ്ങളിലെല്ലാം ചൈനയുടെ സ്വാധീനം വർധിക്കുകയാണ്.  ശ്രീലങ്ക,ഭൂട്ടാൻ, മ്യാൻമർ എന്നിവിടങ്ങളിലെല്ലാം ചൈനയോട് ആഭിമുഖ്യമുള്ള
സർക്കാരുകളാണ് നിലവിലുള്ളത്.  പാകിസ്ഥാൻ ചൈനയുടെ ഉറച്ച ചങ്ങാതിയുമാണ്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകളുടെ കാലത്തുണ്ടായിരുന്നതിൽ നിന്നും തികച്ചും വ്യത്യസ്ഥമാണ് സ്ഥിതി.

ഇങ്ങനെയൊരു സാഹചര്യത്തിനു പ്രധാന കാരണം മോദി സർക്കാരിന്റെ നിലപാടുകൾ തന്നെയാണ്. ഇന്ത്യയുടെ
ചേരിചേരാനയം ഉപേക്ഷിച്ച മോദി സർക്കാർ അമേരിക്കയുമായി സൈനിക സഖ്യത്തിലേർപ്പെടാനുള്ള നീക്കത്തിലാണ്.ഇന്ത്യ, ജപ്പാൻ,ഓസ്ട്രേലിയ, അമേരിക്ക എന്നീ 4 രാജ്യങ്ങൾ ചേർന്ന് ക്വാഡ് എന്നൊരു സഖ്യം നിലവിൽ വന്നുകഴിഞ്ഞു.
നാറ്റോയുടെ ഒരു പസിഫിക് പതിപ്പാണ് ഇത്. അമേരിക്കയെ വെല്ലുവിളിച്ചുകൊണ്ട് ഒരു വലിയ ശക്തിയായി ഉയർന്നുവരുന്ന ചൈനയെ ലക്ഷ്യമിട്ടാണ് അത്തരമൊരു സഖ്യത്തിന് അമേരിക്ക രൂപം നൽകുന്നത്. ചൈനക്കെതിരെ ഇന്ത്യയെ
ഉപയോഗിക്കുകയെന്ന അമേരിക്കയുടെ കെണിയിൽ ഇന്ത്യയെ മോദിഭരണം വീഴ്ത്തിയിരിക്കുന്നു ഇതാണ് ചൈനയുമായുള്ള നയതന്ത്രബന്ധം ഇത്രയും വഷളാക്കിയത് എന്നു വേണം കരുതാൻ.

ഇന്ത്യയുടെ ചരിത്രത്തിൽ എല്ലാ കാലത്തും വിദേശകാര്യ വകുപ്പിനു ഒരു സവിശേഷ സ്ഥനമുണ്ടായിരുന്നു.എന്നാൽ മോദി സർക്കാർ വിദേശകാര്യ വകുപ്പിന്റെ അധികാരങ്ങൾ വെട്ടിച്ചുരുക്കിയത് ലോക രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളെ സാരമായി ബധിച്ചിട്ടുണ്ട്.

രാജ്യത്തിന്റെ അതിർത്തികളിൽ എന്താണ് നടക്കുന്നത് എന്ന് തനിക്കറിയാം എന്ന രാഹുൽ ഗാന്ധിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകൾ രാജ്യം ഗൗരവത്തിൽ എടുക്കേണ്ടതാണ്.

നമ്മുടെ അയൽ രാജ്യങ്ങളെ നമ്മിൽ നിന്നും ഇത്ര മാത്രം അകറ്റിയത് മോദി സർക്കാരിന്റെ പാളിപ്പോയ വിദേശ നയത്തിന്റെ
പരിണിതഫലമൊന്നുമാത്രമാണ്.

ഇന്ത്യ ഭരിക്കുന്നതൊരു വനിത എന്ന ചിന്തയിലാണ് 1971ല്‍ പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാൻ വന്നത്,,,, ഭാരതീയന്‍റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുവാൻ തുടങ്ങിയപ്പോൾ ഇന്ദിരാജി സൈന്യത്തിന് കൃത്യമായ നിർദ്ദേശം നൽകി.

പിന്നെ കാണുന്നത് പാക്കിസ്ഥാന്‍റെ ഭൂപടത്തില്‍ നിന്നും കിഴക്കന്‍ പാക്കിസ്ഥാന്‍ മാഞ്ഞു പോകുന്നതാണ്,,,,,
വിറച്ചു പോയ പാക്കിസ്ഥാനെ രക്ഷിക്കാന്‍ സാക്ഷാല്‍ അമേരിക്കയുടെ വീരായുധം ഏഴാം കപ്പല്‍പ്പട ഇന്ത്യയെ ആക്രമിക്കാന്‍ കുതിച്ചെത്തുന്നതറിഞ്ഞ ഇന്ദിരാഗാന്ധി അമേരിക്കയോട് പറഞ്ഞു ”ഏഴാം കപ്പല്‍പ്പടയൊക്കെ വരുന്നത് കൊള്ളാം, പക്ഷേ എന്‍റെ രാജ്യത്തിന്‍റെ അതിര്‍ത്തി ലംഘിച്ചാല്‍ ഏഴാം കപ്പല്‍പ്പടയില്‍ തിരിച്ചു പോകാന്‍ ഒരു കപ്പല്‍ പോലും കാണുകയില്ല,,,,,”

ആ അമ്മയുടെ അസാമാന്യമായ ധൈര്യത്തിനു മുന്നില്‍ പകച്ചു പോയ അമേരിക്കയുടെ വീരായുധം അവിടെത്തന്നെ നങ്കൂരമിട്ടതും ചരിത്രം,,,,,,

പതിമൂന്ന് ദിവസം കൊണ്ട് പാക്കിസ്ഥാനെ ദുർബലപ്പെടുത്തിയ ഇന്ദിരാജി ഒരു ലക്ഷത്തോളം പാക്കിസ്ഥാന്‍ സൈന്യത്തെ തടങ്കലിലാക്കി,,,!!
ചെയ്ത തെറ്റിന് പാക്കിസ്ഥാനെ കൊണ്ട് കാല് പിടിപ്പിച്ച് മാപ്പ് പറയിച്ച ആ ചരിത്ര വനിതയെ
”ഇന്ത്യാ മഹാരാജ്യത്തിന്‍റെ നാലതിരുകളും കാക്കാന്‍ ദൈവം നിയോഗിച്ച ദുര്‍ഗ്ഗയാണ് ശ്രീമതി ഇന്ദിരാഗാന്ധി” എന്ന് വിശേഷിപ്പിച്ചത് മോദിയുടെ മുന്‍ഗാമി സാക്ഷാല്‍ അടല്‍ ബിഹാരി വാജ്പേയിയാണ്,,,,!!

പഞ്ചാബിനെ ഇന്ത്യയുടെ ഭൂപടത്തില്‍ നിലനിര്‍ത്താന്‍ വേണ്ടി ഹൃദയത്തിലേക്കും ഗര്‍ഭപാത്രത്തിലേക്കും വെടിയുണ്ടകളേറ്റ് വാങ്ങിയ ഇന്ദിരാജി എന്ന ധീരവനിതയുടെ ചങ്കൂറ്റത്തിന്‍റെ ഒരംശമെങ്കിലും നരേന്ദ്രമോദി കാണിച്ചാല്‍, ഓരോ ഭാരതീയന്‍റെയും നട്ടെല്ല് ഇങ്ങനെ പണയം വയ്ക്കേണ്ടി വരില്ലായിരുന്നു.

ഒരു മൊട്ടു സൂചി പോലും ഉല്‍പ്പാദിപ്പിക്കാന്‍ ഗതിയില്ലായിരുന്ന രാജ്യത്തെ ഇത്രത്തോളം പുരോഗതിയിൽ എത്തിച്ചു എന്നതിനോടൊപ്പം,,, ലോകത്തില്‍ ഏറ്റവും സുശക്തമായ ഒരു പട്ടാളത്തെയും മോദിയുടെ മുന്‍ഗാമികള്‍ നിർമ്മിച്ചു വച്ചിട്ടുണ്ട് എന്ന യാഥാർത്ഥ്യം വിസ്മരിക്കരുത്.

ഓരോ ഭാരതീയന്‍റെയും ആത്മാഭിമാനത്തെ അതിർത്തിക്കപ്പുറത്തു നിന്നും ചോദ്യം ചെയ്യാന്‍ വരുമ്പോള്‍,,, ഇന്ദിരാജിയുടെ അത്രയില്ലെങ്കിലും അതിന്‍റെ ഒരംശമെങ്കിലും തന്‍റേടം കാണിക്കേണ്ട ബാധ്യത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ട്.

ലഡാക്കിൽ ഇന്ത്യാ-ചൈന അതിർത്തിയിൽ ചൈനീസ് അതിക്രമത്തിൽ വീരമൃത്യു വരിച്ച
ധീര ജവാന്മാർക്ക് #ആദരാഞ്ജലികൾ