ഇനിയെടുക്കുന്ന കടമെങ്കിലും അഴിമതിക്കും ധൂർത്തിനും വിനിയോഗിക്കരുത്‌, അത് അർഹിക്കുന്ന ആളുകൾക്ക് തന്നെ എത്തിക്കണം : ഡോ. ശൂരനാട് രാജശേഖരന്‍

Jaihind News Bureau
Monday, May 18, 2020

സംസ്ഥാനങ്ങളുടെ വായ്പ പരിധി 3 ശതമാനത്തിൽ നിന്ന് 5 ശതമാനത്തിലേക്ക് ഉയർത്താനുള്ള കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെങ്കിലും വായ്പ ലഭിക്കുന്നതിനുള്ള നിബന്ധനകൾ ഒഴിവാക്കണമായിരുന്നുവെന്ന് കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍. കിട്ടുന്ന വായ്പകൾ അത് അർഹിക്കുന്ന ആളുകൾക്ക് തന്നെ എത്തിക്കണമെന്നാണ് മന്ത്രി തോമസ് ഐസക്കിനോട് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. പ്രളയ സഹായമായി ലോകബാങ്കിൽ നിന്ന് കിട്ടിയ ഒന്നാം ഗഡു വായ്പ 1780 കോടി വകമാറ്റി ദുർവിനിയോഗം ചെയ്തുകളഞ്ഞതല്ലാതെ പ്രളയബാധിതർക്ക് ഇതുവരെ കിട്ടിയില്ല.

ജനിക്കാൻ പോകുന്ന ഓരോ കുട്ടിയും ജനിച്ച് വീഴുന്നത് 70,000 രൂപ കടത്തിലാണ്. ഐസക്കിന്‍റെ ധനകാര്യ മിസ് മാനേജ്മെൻ്റ് കൊണ്ട് കേരളത്തിൻ്റെ ആളോഹരി കടം 70,000 രൂപയും മൊത്തം കടബാധ്യത 2.65 ലക്ഷം കോടിയായും വർധിച്ചിരിക്കുകയാണ്. കേരള രൂപീകരണത്തിനു ശേഷം ഭരിച്ച എല്ലാ സർക്കാരുകളും ചേർന്ന് ഉണ്ടാക്കി വച്ച കടബാധ്യതയെക്കാൾ വലുതാണ് ഇത്. സംസ്ഥാന സർക്കാരിൻ്റെ ഈ കടബാധ്യത ഭാവി കേരളത്തിന് ഭാരമാകും.

ബജറ്റ് കണക്കുകൾ പരിശോധിച്ചാൽ 32,000 കോടി രൂപയാണ് കഴിഞ്ഞ നാല് വർഷത്തെ വരുമാനത്തിൽ കുറവ് ഉണ്ടായിരിക്കുന്നത് . ധൂർത്തും അഴിമതിയും ആണ് ഇതിന് പ്രധാന കാരണം. ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഇല്ലാത്ത 7 കോടി ചിലവിട്ട ഭരണ പരിഷ്കാര കമ്മീഷനെ പിരിച്ചു വിടുക, മുഖ്യമന്ത്രിയുടെ ഉപദേശികളെ പിരിച്ചു വിടുക, സമ്പത്തിനെ പോലുള്ളവരുടെ അനാവശ്യ കാബിനറ്റ് റാങ്കുകൾ ഒഴിവാക്കുക, കിഫ്ബിയിലെ ധൂർത്ത്, 5 കോടി ഓരോ വർഷവും ചിലവാക്കുന്ന മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ധൂർത്ത് തുടങ്ങിയവ ഒഴിവാക്കുക; എന്നിങ്ങനെ 15 ഇന ചിലവ് ചുരുക്കൽ നിർദ്ദേശങ്ങൾ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായിക്ക് സമർപ്പിച്ചിട്ടുണ്ട്. കറൻ്റ് ചാർജ് വർധിപ്പിച്ചും, ബസ് ചാർജ് വർധിപ്പിച്ചും, നിയമന നിരോധനം നടത്തിയും ജനങ്ങളെ ഉപദ്രവിക്കാതെ പ്രതിപക്ഷ നേതാവ് നൽകിയ കാലിക പ്രസക്തി ഉള്ള ചിലവ് ചുരുക്കൽ നിർദ്ദേശങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പിലാക്കണം. കിട്ടുന്ന വായ്പ അർഹിക്കുന്ന കരങ്ങളിൽ എത്തിക്കാനുള്ള ആർജവം ഇനിയെങ്കിലും മന്ത്രി ഐസക്ക് കാണിക്കണമെന്നും ഡോ. ശൂരനാട് രാജശേഖരന്‍ ആവശ്യപ്പെട്ടു.