യുഎഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയുടെ തലപ്പത്ത് വീണ്ടും മലയാളി തിളക്കം ; അമാനത്ത് ഹോള്‍ഡിംഗ്സ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി തുടര്‍ച്ചയായ രണ്ടാം തവണയും ഡോ. ഷംഷീര്‍ വയലില്‍

Elvis Chummar
Wednesday, November 18, 2020

ദുബായ് : കേന്ദ്രമായി ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ കേന്ദ്രീകരിച്ചു നിക്ഷേപങ്ങള്‍ നടത്തുന്ന യുഎഇയിലെ ഏറ്റവും വലിയ ലിസ്റ്റഡ് കമ്പനിയായ അമാനത്ത് ഹോള്‍ഡിംഗ്സിന്റെ വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറായി മലയാളിയായ യുവ സംരംഭകന്‍  ഡോ. ഷംഷീര്‍ വയലിലിനെ വീണ്ടും തിരഞ്ഞെടുത്തു. യുഎഇയിലെ പ്രമുഖ ആരോഗ്യ സേവനദാതാവായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ഡോ. ഷംഷീര്‍ വയലില്‍.

2.5 ബില്യണ്‍ നിക്ഷേപക മൂലധനമുള്ള അമാനത്ത് ഹോള്‍ഡിംഗ്സ്  വൈസ് ചെയര്‍മാനായി 2017ലാണ്  ഡോ. ഷംഷീര്‍ വയലില്‍ ആദ്യം നിയമിതനായത്. ദുബായ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനിയെ അഭിവൃദ്ധിയിലേക്ക് നയിക്കുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം  നേതൃത്വം നല്‍കി. കോവിഡിനെ തുടര്‍ന്നുള്ള വെല്ലുവിളികള്‍  നേരിടാനുള്ള തന്ത്രങ്ങള്‍  രൂപീകരിക്കുന്നതിലും  ഡോ. ഷംഷീര്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.

കൃത്യമായ അവസരങ്ങള്‍ കണ്ടെത്തി തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് അമാനത്തിന്റെ പ്രവര്‍ത്തനം.  സൗദിയിലെ 300 കിടക്കകളുള്ള ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സെന്റര്‍, അടിയന്തര സേവന ദാതാക്കളായ സുഖൂന്‍,  ബഹ്റൈനിലെ റോയല്‍ ഹോസ്പിറ്റല്‍ ഫോര്‍ വുമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍ എന്നിവ അമാനത്തിന് കീഴിലാണ്. യുഎഇയിലെ വിദ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ താലീം, അബുദാബി യൂണിവേഴ്‌സിറ്റി, ദുബായിലെ മിഡില്‍സെക്‌സ് യൂണിവേഴ്‌സിറ്റി എന്നിവയിലെ സുപ്രധാന നിക്ഷേപത്തോടൊപ്പം ദുബായിലെ നോര്‍ത്ത് ലണ്ടന്‍ കോളേജിയേറ്റ് സ്‌കൂളിന്റെ റിയല്‍ എസ്റ്റേറ്റ് ആസ്തികളുടെ ഉടമസ്ഥാവകാശവും അമാനത്തിനാണ്. യുഎസ് ആസ്ഥാനമായ പ്രമുഖ വിദ്യാഭ്യാസ സാങ്കേതികവിദ്യാ സ്ഥാപനമായ ‘ബിഗിന്‍’ ന്റെ ഓഹരികള്‍ വന്‍തോതില്‍ വാങ്ങാനുള്ള നടപടികള്‍ അമാനത്ത് അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.

ജിസിസി രാജ്യങ്ങളിലും ഇന്ത്യയിലും ആരോഗ്യ സേവന രംഗത്ത് നിരവധി സ്ഥാപനങ്ങളുള്ള വിപിഎസ് ഹെല്‍ത്ത്‌കെയര്‍, ഡോ. ഷംഷീര്‍ വയലില്‍ 2007 ലാണ് സ്ഥാപിച്ചിരുന്നത്. കോവിഡിനെ ചെറുക്കാന്‍ വിവിധ സര്‍ക്കാരുകളുമായി ചേര്‍ന്ന് ആരോഗ്യ രംഗത്ത് സുപ്രധാന ഇടപെടലുകള്‍ ഗ്രൂപ്പ് ഇതിനകം നടത്തി. ആരോഗ്യ മേഖലയിലെ അനുഭവ സമ്പത്ത് മുതല്‍ക്കൂട്ടാക്കിയുള്ള  സുപ്രധാന  സംഭാവനകള്‍ പരിഗണിച്ചു കൂടിയാണ് ഡോ. ഷംഷീറിനെ പദവിയിലേക്ക് വീണ്ടും തിരഞ്ഞെടുത്തുകൊണ്ടുള്ള അമാനത്ത് ഹോള്‍ഡിംഗ്സ് ഡയറക്ടര്‍ ബോര്‍ഡ്  തീരുമാനം.

—-

യുഎഇ കേന്ദ്രമായ അമാനത്ത് ഹോള്‍ഡിംഗ്സ്  വൈസ് ചെയര്‍മാനും  മാനേജിംഗ് ഡയറക്ടറായി തുടര്‍ച്ചയായ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ട ഡോ. ഷംഷീര്‍ വയലില്‍