സന്തോഷ് ട്രോഫി കിരീടമണിയാൻ കേരളത്തിന് പ്രചോദനമായി ഒരു കോടി രൂപയുടെ സർപ്രൈസ് സമ്മാന പ്രഖ്യാപനം; ഫൈനൽ ആവേശം പതിന്മടങ്ങാക്കി പാരിതോഷികം പ്രഖ്യാപിച്ചത് പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ

Elvis Chummar
Monday, May 2, 2022

ദുബായ്/ മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയാൽ കേരള ടീമിനെ കാത്തിരിക്കുന്നത് അപൂർവ സമ്മാനം. കപ്പടിച്ചാൽ കേരളത്തിന് ഒരു കോടി രൂപ പാരിതോഷികം നൽകുമെന്ന് പ്രവാസി സംരംഭകനും വിപിഎസ് ഹെൽത്ത്കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെയാണ് ഡോ. ഷംഷീർ വയലിൽ ഇക്കാര്യം അറിയിച്ചത്. ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വപ്നം കാണുന്ന കേരളാ ടീമിന് പ്രോത്സാഹനമായാണ് പാരിതോഷികം പ്രഖ്യാപിച്ചത്.

ഇടവേളയ്ക്ക് ശേഷം കേരളം ആതിഥേയരായ ടൂർണമെന്‍റ് വലിയ ആവേശത്തോടെയാണ് ഫുട്ബോൾ പ്രേമികൾ ഏറ്റെടുത്തത്. ഫൈനലിന് യോഗ്യത നേടി കേരളാ ടീമും ആരാധകരുടെ പ്രതീക്ഷ കാത്തു. കേരള – ബംഗാൾ ഫൈനലിന് മണിക്കൂകൾ മാത്രം ശേഷിക്കേയാണ് ആരാധകർക്ക് ആവേശമായും ടീമിന് പ്രോത്സാഹനമായും ഡോ. ഷംഷീർ വയലിലിന്‍റെ സർപ്രൈസ് സമ്മാന പ്രഖ്യാപനം വരുന്നത്. ടീമിന്‍റെ ഇതുവരെയുള്ള മികച്ച പ്രകടനത്തിനുള്ള അഭിനന്ദനമായും കിരീടം ചൂടാനുള്ള പ്രോത്സാഹനമായുമാണ് തന്‍റെ പ്രഖ്യാപനമെന്ന് ഡോ. ഷംഷീർ വയലിൽ ട്വിറ്ററിൽ കുറിച്ചു. മലയാളിയെന്ന നിലയിൽ കേരള ടീം ഫൈനലിൽ എത്തിയതിൽ അഭിമാനമുണ്ടെന്നും സംസ്ഥാന ഫുട്ബോൾ രംഗത്തിന് ആവേശം പകരുന്നതാണ് ടീമിന്‍റെ മികച്ച പ്രകടനമെന്നും അദ്ദേഹം പറഞ്ഞു. കേരളം വിജയികളായാൽ കിരീടദാന ചടങ്ങിൽ തന്നെ സമ്മാനത്തുക കൈമാറിയേക്കും.

കേരളത്തിലും മിഡിൽ ഈസ്റ്റിലുമായി നിരവധി സംരംഭങ്ങളുടെ ഉടമയായ ഡോ. ഷംഷീർ വയലിൽ കായിക മേഖലയുടെ പ്രോത്സാഹനത്തിനായി നേരത്തെയും വിവിധ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഒളിമ്പിക്സിലെ വെങ്കല മെഡൽ നേട്ടത്തിന് പിന്നാലെ ഹോക്കി താരം പി.ആർ ശ്രീജേഷിന് ഒരു കോടി രൂപ സമ്മാനിച്ചിരുന്നു. ഇതോടൊപ്പം ആദ്യമായി ഹോക്കി ഒളിമ്പിക്സ് മെഡൽ നേടിയ മലയാളി മാനുവൽ ഫെഡറിക്കിന് പത്തു ലക്ഷം രൂപ സ്നേഹസമ്മാനവും നൽകി. ഫുട്ബോൾ സ്വപ്നം കാണുന്ന പുതു തലമുറയ്ക്ക് കൂടി പ്രചോദനമാകുന്നതാണ് ഡോ. ഷംഷീർ വയലിലിന്‍റെ പ്രഖ്യാപനം.

ഇന്ത്യൻ ഫുട്ബോളിലെ പ്രബല ശക്തികളായ കേരളവും ബംഗാളും തമ്മിലുള്ള ഉജ്ജ്വല പോരാട്ടത്തിന് ഡോ. ഷംഷീറിന്‍റെ പ്രഖ്യാപനം ആവേശമേകുമെന്നാണ് കായിക പ്രേമികളുടെ പ്രതീക്ഷ. ഗ്രൂപ്പ് ഘട്ടത്തിൽ 2-0ന് കേരളം ബംഗാളിനെ പരാജയപ്പെടുത്തിയിരുന്നു. ഇത് ആതിഥേയരുടെ ആത്മവിശ്വാസം വർധിപ്പിക്കും. സെമിയിൽ കർണാടകയ്‌ക്കെതിരെ 7-3ന് ജയിച്ചതുൾപ്പെടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് കേരള ടീം ഉയർന്നു. ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ 32 കിരീടങ്ങളുള്ള ബംഗാളിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തിയാണ് 2018 ൽ കേരളം അവസാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ടത്.