തിരുവനന്തപുരം: കവിയും ഭാഷാഗവേഷകനുമായ ഡോ. പുതുശേരി രാമചന്ദ്രൻ (91) അന്തരിച്ചു. വെള്ളയമ്പലം ഇലങ്കം ഗാർഡൻസിലെ വസതിയിലായിരുന്നു അന്ത്യം. കവി, ഭാഷാ ഗവേഷകന്, ചരിത്രകാരന്, അധ്യാപകന് തുടങ്ങിയ നിലകളില്‍ മലയാളികളുടെ മനസില്‍ ഇടംനേടിയ അദ്ദേഹം ആരോഗ്യപ്രശ്നങ്ങള്‍ മൂലം കുറച്ചുനാളായി വിശ്രമത്തിലായിരുന്നു.
എഴുത്തച്ഛന് പുരസ്കാരവും 2005 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും 2009ല്‍ കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പും ലഭിച്ചിട്ടുണ്ട്. മണ്ണിനോടും മനുഷ്യനോടും ആഭിമുഖ്യമുള്ള കവിതകളായിരുന്നു പുതുശേരിയുടെ മുഖമുദ്ര. പോക്കാട്ട് ദാമോദരന്‍ പിള്ളയുടെയും പുതുശേരില്‍ ജാനകിയമ്മയുടെയും മകനായി ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ വള്ളിക്കുന്നത്ത് 1928 സെപ്റ്റംബര്‍ 23 നായിരുന്നു ജനനം. 1948 ല്‍ ഇരുപതാം വയസില്‍ ആദ്യ കവിതാസമാഹാരമായ ഗ്രാമീണ ഗായകന് പുറത്തിറങ്ങി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍നിന്ന് ബി.എ. ഓണേഴ്സ് ഒന്നാം റാങ്കില്‍ പാസായി. കൊല്ലം എസ്.എന്‍. കോളേജില്‍ അധ്യാപകനായി ഔദ്യോഗിക ജീവിതത്തിന് തുടക്കം.
ബി രാജമ്മയാണ് ഭാര്യ. മക്കള്‍: ഗീത ആര്. പുതുശേരി, പി.ആര് ഉണ്ണികൃഷ്ണന്, പി.ആര് ക്ഷേമചന്ദ്രന്‍, പി.ആര് പ്രേമചന്ദ്രന്, പി.ആര് ജയചന്ദ്രന്.