ഭരണഘടനാ സംരക്ഷണത്തില്‍ രാജ്യത്തെ യുവാക്കള്‍ പ്രതീക്ഷ നല്‍കുന്നു; ഫാസിസ്റ്റ് സർക്കാർ പറയുന്നതല്ല കാര്യമെന്ന് ജനം വിധിയെഴുതി: മോദി സർക്കാരിനെ വിമർശിച്ച് ഡോ. പരകാല പ്രഭാകർ

Jaihind Webdesk
Tuesday, August 13, 2024

 

മലപ്പുറം: മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്‍റെ ഭർത്താവും പ്രശസ്ത സാമ്പത്തിക വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ ഡോ. പരകാല പ്രഭാകർ. ഫാസിസ്റ്റ് സർക്കാർ പറയുന്നതല്ല കാര്യമെന്ന് തെളിയിച്ച വിധിയെഴുത്താണ് ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണഘടനയെ സംരക്ഷിക്കാൻ പരിശീലനം ലഭിച്ച യുവത്വമുണ്ടാകുന്നത് പ്രതീക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. എടവണ്ണപ്പാറയിൽ നടന്ന 31-ാമത് ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതര, ജനാധിപത്യ, ഫെഡറൽ രാജ്യത്തെ പുനർനിർമിക്കാൻ യുവതലമുറ പരിശീലനംനേടിയ ഒരു സൈന്യംപോലെ പ്രവർത്തിക്കണം. ഇന്ത്യ എങ്ങനെയാവണമെന്ന് തീരുമാനിക്കേണ്ടത് രാജ്യത്തെ യുവാക്കളാണ്. നിങ്ങൾ ഒരുമിച്ചുനിന്നാൽ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാഷിസ്റ്റ് സർക്കാർ പറയുന്നതല്ല കാര്യമെന്ന് ജനം വിധിച്ചതിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രതീക്ഷ നൽകി. മുറിവേറ്റവരോടൊപ്പമായിരുന്നു നമ്മുടെ രാജ്യം. പ്രത്യേക രാഷ്ട്രീയ-സാമ്പത്തിക സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നത്. യാഥാർത്ഥ്യങ്ങൾ മനസിലാക്കാൻ തയാറാകണം. രാജ്യത്ത് തൊഴിലില്ലായ്‌മ രൂക്ഷമാണ്. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ തൊഴിലില്ലായ്‌മ വർധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇ.ടി. മുഹമ്മദ്‌ബഷീർ എംപി വിശിഷ്ടാതിഥിയായി. സ്വാഗതസംഘം ചെയർമാൻ സി.എം. മൗലവി വാഴക്കാട് അധ്യക്ഷത വഹിച്ചു. എസ്എസ്എഫ് ദേശീയ സെക്രട്ടറി സി.എൻ. ജാഫർ സാദിഖ് സന്ദേശപ്രഭാഷണം നിർവഹിച്ചു. മുപ്പത്തിരണ്ടാമത് എഡിഷൻ ജില്ലാ സാഹിത്യോത്സവിനു വേദിയൊരുങ്ങുന്ന കൊണ്ടോട്ടി ഡിവിഷന് സ്വാഗതസംഘം ഭാരവാഹികൾ പതാക കൈമാറി. കൺവീനർ സി.പി. ഉസാമത്ത്, മുഹിയുദ്ദീൻ സഖാഫി ചീക്കോട് എന്നിവർ സംസാരിച്ചു.