ഡോ. എം.കുഞ്ഞാമൻ മരിച്ച നിലയില്‍

Jaihind Webdesk
Sunday, December 3, 2023

തിരുവനന്തപുരം: സാമ്പത്തിക വിദഗ്‌ധനും ദലിത് ചിന്തകനുമായ ഡോ. എം.കുഞ്ഞാമൻ അന്തരിച്ചു. ഇന്ന് വൈകുന്നേരം തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കെ.ആർ നാരായണന് ശേഷം സാമ്പത്തിക ശാസ്ത്രം എം.എയിൽ ഒന്നാം റാങ്ക് നേടിയ ആദ്യ ദലിത് കേരളീയനായിരുന്നു അദ്ദേഹം. 2021ൽ കേരള സാഹിത്യ അക്കാദമിയുടെ മികച്ച ആത്മകഥയ്ക്കുള്ള അവാർഡ് അദ്ദേഹം നിരസിച്ചിരുന്നു. എതിര് എന്ന ആത്മകഥയ്ക്കായിരിന്നു അവാർഡ്. ദലിത് ജീവിതത്തെക്കുറിച്ചായിരുന്നു ആത്മകഥയിൽ കുഞ്ഞാമൻ പറഞ്ഞിരുന്നത്. ഇത്തരത്തിലുള്ള ബഹുമതികളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് നന്ദിപൂർവം അവാർഡ് നിരസിക്കുകയായിരുന്നു.

27 വർഷം കേരള സർവകലാശാലയിൽ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. സുഹൃത്തായ കെ എം ഷാജഹാൻ കുഞ്ഞാമന്‍റെ വീട്ടിലെത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. കുഞ്ഞാമന്‍റെ വീട്ടിലെത്തിയപ്പോൾ ചെരുപ്പും പത്രവും പുറത്ത് കിടക്കുകയായിരുന്നുവെന്നും അകത്ത് ഫാൻ തിരിയുന്നുണ്ടായിരുന്നുവെന്നും ഷാജഹാൻ പറയുന്നു. എന്നാൽ കുറച്ചുസമയം കാത്തുനിന്നെങ്കിലും പ്രതികരണമുണ്ടായില്ല. ഇതിനെ തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു. ഇന്നലെ കുഞ്ഞാമൻ കാണണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ശ്രീകാര്യത്തെ വീട്ടിലെത്തിയതെന്നും ഷാജഹാൻ പറഞ്ഞു. പോലീസെത്തി നോക്കിയപ്പോഴാണ് അടുക്കളയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.