ഡോ. കെ.എസ്. മണിലാലിന്‍റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

Wednesday, January 1, 2025

തിരുവനന്തപുരം: പത്മശ്രീ ജേതാവും സസ്യ ശാസ്ത്രജ്ഞനുമായ ഡോ. കെ.എസ്. മണിലാലിന്‍റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു.

‘ഡോ. മണിലാലിന്‍റെ ഗവേഷണ സപര്യയും കഠിനാധ്വാനവുമാണ് കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന ലാറ്റിന്‍ ഗ്രന്ഥത്തിന്‍റെ  ഇംഗ്ലീഷ് മലയാളം പതിപ്പുകള്‍. ഈ ഗ്രന്ഥത്തിനു വേണ്ടി തന്റെ ജീവിതത്തിലെ അന്‍പതു വര്‍ഷമാണ് അദ്ദേഹം നീക്കിവച്ചത്. ഹോര്‍ത്തൂസില്‍ പ്രതിപാദിച്ചിരിക്കുന്ന 679 സസ്യയിനങ്ങളില്‍ ഒന്നൊഴികെ ബാക്കി എല്ലാം കണ്ടെത്തി അവയെ ശാസ്ത്രീയമായി ക്രോഡീകരിക്കുന്നതിനു വേണ്ടി 27 വര്‍ഷമാണ് ഡോ. മണിലാല്‍ ചെലവിട്ടത്. തന്‍റെ പ്രവര്‍ത്തന മേഖലയില്‍ അങ്ങേയറ്റത്തെ അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിച്ച മഹാപ്രതിഭയായിരുന്നു ഡോ. മണിലാല്‍’.  അദ്ദേഹത്തിന്‍റെ വിയോഗം ശാസ്ത്ര വൈജ്ഞാനിക മേഖലയ്ക്ക് തീരാ നഷ്ടമാണ് എന്നും  വി.ഡി സതീശന്‍ പറഞ്ഞു.