ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും

Jaihind Webdesk
Thursday, October 3, 2024

 

തിരുവനന്തപുരം: ഡോ. ജിനു സക്കറിയ ഉമ്മന്‍ സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാനാകും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. കേരള പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ മുന്‍ അംഗമായ ഡോ. ജിനു സഖറിയ ഉമ്മന്‍ അക്കാദമിക്ക് ആന്‍ഡ് സിലബസ് സബ് കമ്മിറ്റിയുടെയും സര്‍ക്കാര്‍ ജീവനക്കാരുടെ അച്ചടക്ക നടപടി സംബന്ധിച്ച് ഡിസിപ്ലിനറി കമ്മിറ്റിയുടെയും ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള പബ്ലിക്ക് സര്‍വിസ് കമ്മീഷന്‍ ആദ്യമായി നടത്തിയ കേരള അഡ്മിനിസ്‌ട്രേടിവ് സര്‍വീസിന്‍റെ പരീക്ഷ സിലബസ് രൂപീകരിക്കുന്നതില്‍ ശ്രദ്ധേയമായ പങ്കും ഡോ. ജിനു സക്കറിയ വഹിച്ചിട്ടുണ്ട്.

പുത്തന്‍കാവ് മൊപൊളിറ്റന്‍ ഹൈസ്‌കൂളില്‍ നിന്നു സ്‌കൂള്‍ വിദ്യാഭ്യാസവും ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ നിന്നു ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍ ജിനു സക്കറിയ ഉമ്മന്‍ ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയിലെ സെന്‍റര്‍ ഫോര്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസില്‍ നിന്ന് ഡോക്ടറേറ്റും സ്വന്തമാക്കി. വിദ്യാര്‍ഥി പ്രസ്ഥാനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം 2001-02 കാലഘട്ടത്തില്‍ ജെഎന്‍യു വിദ്യാര്‍തഥി യൂണിയന്‍റെ ജനറല്‍ സെക്രട്ടറിയായിരുന്നു.

നിലവില്‍ തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് വിസിറ്റിങ് പ്രൊഫസറും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിഡില്‍ ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോണറി ഫെല്ലോയുമാണ്. 2009 ല്‍ ഇന്ത്യ ടുഡേ മാസികയുടെ പ്രത്യേക സര്‍വേയില്‍ 50 ഇന്ത്യന്‍ യുവനേതാക്കന്മാരെ തിരെഞ്ഞെടുത്തപ്പോള്‍ അതില്‍ ഒരാള്‍ ഡോ. ജിനു സക്കറിയ ഉമ്മന്‍ ആയിരുന്നു