
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗിയായ വേണു മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. വേണുവിനെ തറയില്‍ കിടത്തിയ നടപടിയിലാണ് ഡോക്ടറിന്റെ വിമര്‍ശനം.
നിലത്ത് കിടത്തി ഒരാള്‍ക്ക് ചികിത്സ നല്‍കാന്‍ എങ്ങനെ സാധിക്കുമെന്ന് ഡോക്ടര്‍ ഹാരിസ് ചോദിച്ചു. നാടെങ്ങും മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിച്ചിട്ട് കാര്യമില്ലെന്നും, ഇത് ‘പ്രാകൃതമായ നിലവാരമാണ്’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മെച്ചപ്പെട്ട ചികിത്സയ്ക്കായി പൊതുജനം സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഡോക്ടര്‍ ഹാരിസ് ചിറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു.
മെഡിക്കല്‍ സര്‍വ്വീസ് സെന്റര്‍ സംഘടിപ്പിച്ച പൊതുജനാരോഗ്യ നയം സെമിനാറിലാണ് ഡോ. ഹാരിസ് ചിറയ്ക്കല്‍ സംഭവത്തില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ചത്.
മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ നടത്തിപ്പിലെയും അടിസ്ഥാന സൗകര്യങ്ങളിലെയും പോരായ്മകള്‍ ഡോ. ഹാരിസ് മുന്‍പും ചൂണ്ടിക്കാട്ടിയിരുന്നു. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ ക്ഷാമം അടക്കമുള്ള വിഷയങ്ങളില്‍ അദ്ദേഹം അധികൃതര്‍ക്കെതിരെ ശക്തമായ നിലപാട് എടുക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ബുധനാഴ്ച തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വേണു മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്ന് ചവറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയ വേണുവിന് അടിയന്തരമായി ആന്‍ജിയോഗ്രാം നടത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയില്‍ എത്തിയ വേണുവിന് കൃത്യ സമയത്ത് അടിയന്തര ചികിത്സ ലഭിച്ചില്ലെന്നാണ് പ്രധാന ആരോപണം.
തനിക്ക് ചികിത്സ ലഭിക്കാത്തതിലുള്ള ദുരിതം സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തില്‍ വേണു പങ്കുവെച്ചിരുന്നു. ‘നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും ഞങ്ങളെ നോക്കുന്നില്ല,’ എന്നും, ‘നിലത്ത് കിടന്നാണ് ചികിത്സിക്കുന്നതെന്നും’ അദ്ദേഹം ഈ സന്ദേശത്തില്‍ പറയുന്നു. ചികിത്സാ പിഴവുണ്ടായെന്നും, മരണശേഷം അവസാനമായി കാണാന്‍ പോലും അനുവദിച്ചില്ലെന്നും വേണുവിന്റെ ഭാര്യയും കുടുംബാംഗങ്ങളും ആരോപിച്ചിരുന്നു.