സ്ത്രീധന പീഢനം; മലയാളി കോളേജ് അധ്യാപിക ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്തു

Jaihind Webdesk
Thursday, October 24, 2024


ചെന്നൈ : സ്ത്രീധന പീഢനം നാഗര്‍കോവില്‍ ശുചീന്ദ്രത്തെ ഭര്‍തൃവീട്ടില്‍ മലയാളി കോളേജ് അധ്യാപിക ആത്മഹത്യ ചെയ്തു.കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കിയിരുന്നു കൊല്ലം പിറവന്തൂര്‍ സ്വദേശി ബാബുവിന്റെ മകള്‍ ശ്രുതി ബാബുവാണ് മരിച്ചത്. ഭര്‍ത്യമാതാവ് സെന്‍പകവല്ലിക്കെതിരെ ശ്രുതിയുടെ കുടുംബം പരാതി നല്‍കിയതോടെ ഇവരും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഭര്‍തൃവീട്ടിലെ പീഡനങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ശബ്ദ സന്ദേശം അയച്ച ശേഷമാണ് ശ്രുതി ആത്മഹത്യ ചെയ്തത്.

കോയമ്പത്തൂര്‍ എന്‍ജിനീയറിങ് കോളേജിലെ അധ്യാപികയായിരുന്ന 25 കാരിയായ ശ്രുതിയെ ഇക്കഴിഞ്ഞ ഏപ്രില്‍ 21 നാണ് ശുചീന്ദ്രം സ്വദേശിയായ കെഎസ്ഇബി എഞ്ചിനീയര്‍ കാര്‍ത്തിക് വിവാഹം കഴിച്ചത്.10 ലക്ഷം രൂപയും 50 പവന്‍ സ്വര്‍ണവും വിവാഹസമ്മാനമായി നല്‍കിയിരുന്നു.എന്നാല്‍ സത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് കാര്‍ത്തിക്കിന്റെ അമ്മ ശ്രുതിയോട് വഴക്കുണ്ടാക്കിയിരുന്നു എന്ന് ശ്രുതിയുടെ ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്.

കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃമാതാവ് സെന്‍പകവല്ലി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് ശ്രുതിയുടെ മാതാപിതാക്കള്‍ ശുചീന്ദ്രം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.ഇതിന് പിന്നാലെ സെന്‍പകവല്ലി ആത്മഹത്യയ്ക്ക് ശ്രമിച്ചു .ഗുരുതരാവസ്ഥയില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തെക്കുറിച്ച് ശുചീന്ദ്രം പോലീസ് അന്വേഷണം നടത്തി വരികയാണ്’.