തിരുവനന്തപുരം-കന്യാകുമാരി റെയില്‍ പാത ഇരട്ടിപ്പിക്കല്‍; ജനകീയാവശ്യങ്ങള്‍ പരിഗണിക്കണമെന്ന് ഡോ. ശശി തരൂര്‍ എം.പി

Jaihind Webdesk
Friday, October 18, 2024


തിരുവനന്തപുരം: റെയില്‍വേ വികസനം സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നുയരുന്ന ആവശ്യങ്ങള്‍ അനുകൂലമായി പരിഗണിക്കണമെന്നു കാണിച്ച് ഡോ ശശിതരൂര്‍ എം പി കേന്ദ്ര റെയില്‍ വകുപ്പ് മന്ത്രിക്കും റെയില്‍വേ ബോര്‍ഡിനും കത്തുനല്‍കി.

തിരുവനന്തപുരം കന്യാകുമാരി റെയില്‍ പാതയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ നേമം സ്റ്റേഷനുകള്‍ക്കിടയിലുള്ള മേലാറന്നൂര്‍ ഇകഠ റോഡില്‍ ഒരു മേല്‍പ്പാലം നിര്‍മിക്കുന്നതിന് സ്ഥലം രണ്ടു വര്‍ഷം മുന്നെ തന്നെ ഏറ്റെടുത്തു നല്‍കിയെങ്കിലും മേല്‍പ്പാല നിര്‍മാണം ആരംഭിക്കാന്‍ റെയില്‍വേ തയ്യാറായിട്ടില്ല. ദിവസേനെ ആയിരക്കണക്കിനു വാഹനങ്ങള്‍ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. തിരുവനന്തപുരം നഗരത്തിന്റെ തെക്കന്‍ ഭാഗത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന ഒരു റോഡാണിത്. ഇവിടെ അടിയന്തിരമായി മേല്‍പ്പാലം നിര്‍മിക്കണമെന്നും ശശി തരൂര്‍ എം.പി ആവശ്യപ്പെട്ടു.

അതെസമയം പാറശ്ശാല ഗ്രാമപഞ്ചായത്തില്‍ കരുമാനൂര്‍ വാര്‍ഡില്‍ വരുന്ന പ്രദേശങ്ങള്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഒറ്റപ്പെടുന്ന അവസ്ഥയാണ്. ഇത് ഒഴിവാക്കാനായി വിട്ടിയോട് – ചന്ദനകെട്ടി റോഡില്‍ ഒരു അടിപ്പാത നിര്‍മിക്കണം എന്ന തദ്ദേശീയരുടെ ആവശ്യം ശക്തമായി കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.തദ്ദേശിയരുടെ ജീവിതം ദുരിപൂര്‍ണമാക്കുന്ന തരത്തില്‍ റെയില്‍വേ വികസനം നടപ്പിലാക്കരുത് എന്ന കാര്യം പാര്‍ലമെന്റിലും ശക്തമായി ഉന്നയിക്കും എന്നും ഡോ. ശശിതരൂര്‍ എം പി പ്രസ്താവനയില്‍ പറഞ്ഞു.