
കേരളത്തിലെ സഹകരണമേഖലയിലെ തട്ടിപ്പുകള്‍ വലിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് വഴിവെക്കുന്ന ഒരു സമയമാണിത്. പ്രത്യേകിച്ച് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നു. എന്നാല്‍, ഈ വിഷയത്തില്‍ സിപിഎമ്മിനെ കടന്നാക്രമിക്കുന്ന ബിജെപിക്ക് സ്വന്തം പാളയത്തിലെ സമാനമായ തട്ടിപ്പുകള്‍ക്ക് നേരെ കണ്ണടയ്ക്കുന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത് അവരുടെ രാഷ്ട്രീയ സത്യസന്ധതയാണ്. ‘സഹകരണ തട്ടിപ്പുകാര്‍ക്ക് എതിരെ നിലകൊള്ളുന്നു’ എന്ന് പ്രഖ്യാപിക്കുമ്പോള്‍ തന്നെ സ്വന്തം പാര്‍ട്ടിക്കകത്തെ സാമ്പത്തിക ക്രമക്കേടുകള്‍ക്ക് നേരെ ബിജെപി സ്വീകരിക്കുന്ന സമീപനം ഗുരുതരമായ ഇരട്ടത്താപ്പാണ്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ നിക്ഷേപം നഷ്ടപ്പെട്ടവര്‍ക്ക് പണം തിരികെ ലഭിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വലിയ പ്രതീക്ഷ നല്‍കിയിരുന്നു. പ്രധാനമന്ത്രി നേരിട്ട് പങ്കെടുത്ത് നടത്തിയ ഈ വാഗ്ദാനം, ബിജെപി വിഷയം എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍, ആ പ്രഖ്യാപനം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും, ബിജെപിയുടെ സ്ഥാനാര്‍്ത്ഥി തൃശൂരില്‍ നിന്ന് വിജയിച്ചിട്ടും നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുന്ന കാര്യത്തില്‍ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. കേവലം ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഇത് മാറുന്നുണ്ടോ എന്ന ചോദ്യം ഉയര്‍ത്തുന്നതാണ് ഈ നിഷ്‌ക്രിയത്വം.
കരുവന്നൂര്‍ വിവാദം കെട്ടടങ്ങും മുമ്പാണ് തിരുവനന്തപുരം നഗരസഭയിലെ മുന്‍ ബിജെപി കൗണ്‍സിലര്‍ അനില്‍കുമാറിന്റെ ആത്മഹത്യയും അതിനുപിന്നാലെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങളും ബിജെപിയെ പ്രതിരോധത്തിലാക്കിയത്. ബിജെപി ബന്ധമുള്ള സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പാണ് അനിലിന്റെ മരണത്തിന് പിന്നിലെന്ന് ആരോപണം ഉയര്‍ന്നു. ഈ ആരോപണങ്ങളെ ശരിവെച്ചുകൊണ്ട്, ബിജെപിയുടെ മുന്‍ വക്താവ് എം.എസ്. കുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ബിജെപിക്ക് വലിയ തിരിച്ചടിയായി.
പ്രസ്ഥാനത്തില്‍ നിന്നോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട സഹകരണ സംഘങ്ങളില്‍ നിന്നോ വായ്പയെടുത്ത സഹപ്രവര്‍ത്തകര്‍ ചതിച്ചതാണ് അനിലിന്റെ ആത്മഹത്യക്ക് കാരണമെന്ന് എം.എസ്. കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തുറന്നടിച്ചു. പണം തിരികെ നല്‍കി സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പ്രസ്ഥാനത്തിന് ഇടപെട്ട് പണം തിരിച്ചടയ്ക്കാന്‍ അവരെ നിര്‍ബന്ധിക്കാമായിരുന്നെന്നും, എന്നാല്‍ അതൊന്നും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘മരിച്ചുകഴിഞ്ഞ് റീത്ത് വെക്കുന്നതല്ല രാഷ്ട്രീയ പ്രവര്‍ത്തനം’ എന്ന എം.എസ്. കുമാറിന്റെ വാക്കുകള്‍ ബിജെപി നേതൃത്വത്തിനെതിരായ രൂക്ഷ വിമര്‍ശനമായി.
അനില്‍കുമാറിന്റെ അതേ അവസ്ഥയിലാണ് താനെന്നും, താന്‍ ഇടപെട്ട ഒരു സഹകരണ സ്ഥാപനവും സമാനമായ അവസ്ഥയിലാണെന്നും എം.എസ്. കുമാര്‍ വെളിപ്പെടുത്തി. ‘നിക്ഷേപം വായ്പയായി കൈപ്പറ്റി മുങ്ങിനടക്കുന്നവര്‍ മാന്യന്മാരും ജനനേതാക്കളും ആകുന്ന ആ കളി ഇനി വേണ്ട. ജനങ്ങള്‍ അറിയട്ടെ. ഇവരെ മുന്‍നിര്‍ത്തി നഗരഭരണം പിടിക്കാന്‍ ഒരുങ്ങുന്ന നേതാക്കള്‍ തിരിച്ചറിയുക. ജനങ്ങള്‍ വിവേകമുള്ളവരും കാര്യങ്ങള്‍ തിരിച്ചറിയുന്നവരും ആണ്. അവര്‍ വോട്ടര്‍മാരും ആണ്,’ എന്ന ശക്തമായ മുന്നറിയിപ്പോടെയാണ് എം.എസ്. കുമാര്‍ തന്റെ പോസ്റ്റ് അവസാനിപ്പിച്ചത്. വായ്പയെടുത്ത് മുങ്ങിനടക്കുന്ന ചിലര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു എന്ന കുമാറിന്റെ വെളിപ്പെടുത്തല്‍ ബിജെപിക്കുള്ളിലെ ധാര്‍മ്മികച്യുതിയെയാണ് തുറന്നുകാട്ടുന്നത്.
ബിജെപിയുടെ ധാര്‍മ്മിക യോഗ്യതയുടെ ചോദ്യചിഹ്നം
സഹകരണ സ്ഥാപനങ്ങളിലെ തട്ടിപ്പുകള്‍ സാധാരണക്കാരായ നിക്ഷേപകരുടെ ജീവിതം തകര്‍ക്കുന്ന ഒന്നാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, കരുവന്നൂര്‍ പോലുള്ള വിഷയങ്ങളില്‍ സിപിഎമ്മിനെതിരെ വാളെടുക്കുകയും, സ്വന്തം പാര്‍ട്ടിക്കകത്ത് സമാനമായ തട്ടിപ്പുകള്‍ നടക്കുമ്പോള്‍ മൗനം പാലിക്കുകയും ചെയ്യുന്ന ബിജെപിയുടെ നിലപാട് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.
ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കുന്നു എന്ന് പറയുമ്പോള്‍, സ്വന്തം അണികള്‍ക്ക് പോലും നീതി നിഷേധിക്കുന്ന പ്രസ്ഥാനമായി ബിജെപി മാറുന്നുണ്ടോ എന്നത് പ്രധാന ചോദ്യമാണ്. ആ പാര്‍ട്ടിക്കുള്ളിലെ അഴിമതി അവരുടെ അംഗങ്ങളുടെ തന്നെ ജീവനനെടുക്കുന്നതായി അവര്‍ തന്നെ ആരോപിക്കുന്നു. മറ്റ് പാര്‍ട്ടികളുടെ അഴിമതി ചൂണ്ടിക്കാട്ടി രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്ന ബിജെപിക്ക്, സ്വന്തം അണികള്‍ക്കിടയില്‍പ്പോലും വിശ്വാസ്യത നഷ്ടപ്പെടുമ്പോള്‍, മറ്റുള്ളവരെ കുറ്റം പറയാന്‍ എന്ത് ധാര്‍മ്മിക യോഗ്യതയാണുള്ളതെന്ന ചോദ്യം കൂടുതല്‍ പ്രസക്തമാകുന്നു.