ഇരട്ടക്കൊലപാതകം: അന്യ സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍; ദമ്പതികളുടെ മകന്‍റെ മരണത്തിലും ദുരൂഹത

Jaihind News Bureau
Tuesday, April 22, 2025

കോട്ടയം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിന്റെ ഉടമ വിജയകുമാര്‍, ഭാര്യ മീര എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ദുരൂഹതയേറുന്നു. കോട്ടയം തിരുവാതുക്കല്‍ സ്വദേശികളായ ദമ്പതികളെ ഇന്ന് രാവിലെയാണ് ജോലിക്കാരി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നും അതിന് അനുബന്ധമായ തെളിവുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്യ സംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്നാണ് ജോലിക്കാരിയില്‍ നിന്ന് ലഭിച്ച മൊഴിയില്‍ പോലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ മുന്‍പ് ജോലിക്ക് നിന്ന തൊഴിലാളിയാണ് അസം സ്വദേശി അമിത്ത്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് വിവരം. ഇയാളെ ഒരു കൊല്ലം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. വീട്ടില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിനു ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ വ്യക്തിവൈരാഗ്യം മൂലം ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. വീടിന്റെ പിന്‍വാതില്‍ അമ്മിക്കല്ല് ഉപയോഗിച്ച് തകര്‍ത്ത നിലയിലാണ്. ഒപ്പം സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ നശിപ്പിക്കപ്പെട്ടി്ട്ടുമുണ്ട്.

അതേസമയം, വിജയകുമാറിന്റെ മകന്റെ മരണത്തിലും ദുരൂഹതയേറുകയാണ്. ഏഴ് കൊല്ലം മുന്‍പാണ് മകന്‍ ഗൗതമിനെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരുന്നു. ഗൗതമിന്റെ മരണത്തില്‍ CBI അന്വേഷണം തുടങ്ങിയതിനു പിന്നാലെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം. മകന്റെ മരണവും ദമ്പതികളുടെ ഇരട്ടക്കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്നാണ് പോലീസിന്റെ സംശയം.