കെവിന്‍ ദുരഭിമാനക്കൊലക്കേസില്‍ പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

കെവിന്‍ ദുരഭിമാനക്കൊലക്കേസിലെ പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് പറഞ്ഞ കോടതി പ്രതികള്‍ക്ക് 40,000 രൂപ പിഴയും വിധിച്ചു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

കെവിന്‍റെ ഭാര്യ നീനുവിന്‍റെ സഹോദരൻ സാനു ചാക്കോ അടക്കം 10 പ്രതികളെയാണ് കോടതി കുറ്റക്കാരായി കണ്ടെത്തിയത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതികൾക്കു വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ വാദം. കൊലക്കുറ്റം, ഭീഷണിപ്പെടുത്തല്‍, തട്ടിക്കൊണ്ടുപോയി വിലപേശല്‍, ഭവനഭേദനം തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രതികളുടെ പ്രായവും ജീവിത സാഹചര്യങ്ങളും കണക്കിലെടുക്കണമെന്നും പശ്ചാത്തപിക്കാനും തെറ്റ് തിരുത്താനും അവസരം നൽകണമെന്നായിരുന്നു  പ്രതിഭാഗത്തിന്‍റെ വാദം.

കഴിഞ്ഞ വര്‍ഷം മെയ് 27 ന് ആണ് പ്രണയിച്ചു എന്നതിന്‍റെ പേരിൽ കെവിനെ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. പോലീസ് നൽകിയ കുറ്റപത്രത്തിൽ പതിനാല് പേരെ പ്രതി ചേർത്തിരുന്നു എങ്കിലും ഇതിൽ 10 പേര്‍ കുറ്റക്കാരെന്നാണ് കോടതിയുടെ കണ്ടെത്തൽ. ദുരഭിമാനക്കൊല എന്ന് കണ്ടെത്തിയതിനെ തുടർന്ന് കേസ് അപൂർവങ്ങളില്‍ അപൂർവമായി പരിഗണിക്കേണ്ടിവരുമെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

kevin murder case
Comments (0)
Add Comment