പ്രസംഗത്തിലെ ചില പരാമർശങ്ങള്‍ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും; നീക്കം ചെയ്തത് യെച്ചൂരിയുടെയും ജി. ദേവരാജന്‍റെയും പരാമർശങ്ങള്‍

Jaihind Webdesk
Friday, May 17, 2024

 

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കളുടെ പ്രസംഗത്തിലെ പരാമർശങ്ങള്‍ നീക്കം ചെയ്ത് ദൂരദർശനും ആകാശവാണിയും. കാടന്‍ നിയമങ്ങള്‍,  മുസ്‌ലിം തുടങ്ങിയ പരാമർശങ്ങളാണ് നീക്കം ചെയ്ത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗ നിർദ്ദേശങ്ങള്‍ പ്രകാരമാണ് നടപടിയെന്നാണ് വിശദീകരണം.

സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിലുണ്ടായിരുന്ന രണ്ട് വാക്കുകള്‍ നീക്കം ചെയ്യുകയും ഭരണത്തിന്‍റെ ‘പാപ്പരത്തം’ എന്ന പ്രയോഗത്തിന് പകരം പരാജയം എന്നാക്കി മാറ്റേണ്ടി വരികയും ചെയ്തു. അതേസമയം ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി ദേവരാജന്‍റെ പ്രസംഗത്തില്‍ നിന്ന് ‘മുസ്‌ലിംകള്‍’ എന്ന വാക്ക് ഒഴിവാക്കി. കൊല്‍ക്കത്തയില്‍ നിന്നാണ് അദ്ദേഹത്തിന്‍റെ അഭിമുഖം ചിത്രീകരിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏപ്രില്‍ മാസത്തില്‍ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ദേശീയ പാര്‍ട്ടികളുടെയും സംസ്ഥാന പാര്‍ട്ടികളുടെയും പ്രതിനിധികള്‍ക്ക് ദൂരദര്‍ശനിലും ആകാശവാണിയിലും സംസാരിക്കാന്‍ അവസരം നല്‍കണം. ആറ് ദേശീയ പാര്‍ട്ടികളും 59 സംസ്ഥാന പാര്‍ട്ടികളുമാണ് ഇതിന് അര്‍ഹരെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പ്രസംഗത്തില്‍ നിന്നാണ് പരാമര്‍ശങ്ങള്‍ നീക്കിയത്. ഡല്‍ഹിയിലെ ദൂരദര്‍ശന്‍ സ്റ്റുഡിയോയില്‍ വെച്ചായിരുന്നു സീതാറാം യച്ചൂരിയുടെ ടെലിവിഷന്‍ പ്രഭാഷണം.

അതേസമയം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റ ചട്ടങ്ങള്‍ പ്രകാരമാണ് നടപടിയെന്നും ഇത്തരം നടപടികള്‍ മുന്‍പും ഉണ്ടായിട്ടുണ്ടെന്നും പ്രസാര്‍ ഭാരതി അധികൃതര്‍ വിശദീകരണം നല്‍കി. മുഖ്യമന്ത്രിമാരുടെ പ്രസംഗങ്ങള്‍ പോലും ഇത്തരത്തില്‍ തിരുത്തിയിട്ടുള്ള അവസരങ്ങളുണ്ടായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു. ഏതായാലും നടപടിക്കെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.