തിരുവനന്തപുരം: കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എം പിയെ തടഞ്ഞ സംഭവത്തില്‍ ഡിവൈഎഫ്‌ഐയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ കെപിസിസി അധ്യക്ഷന്‍ എം.എം. ഹസ്സന്‍. സ്ത്രീപീഡകരായ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും റോഡിലിറങ്ങി നടക്കാമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് ഹസ്സന്‍ മുന്നറിയിപ്പ് നല്‍കി. ചെയ്യാത്ത കാര്യത്തിനാണ് ഷാഫി പറമ്പിലിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സി.പി.എം. നേതാക്കള്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും ഹസ്സന്‍ ആരോപിച്ചു. ആരോപണം ഉയര്‍ന്നപ്പോള്‍ രാജി ആവശ്യപ്പെട്ടത് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരായ ആരോപണം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കകം പാര്‍ട്ടി നടപടിയെടുത്തു. എന്നാല്‍, സ്വന്തം മുന്നണിയിലുള്ളവര്‍ക്കെതിരെ ആരോപണം വന്നപ്പോള്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അതിനെക്കുറിച്ച് അന്വേഷിച്ചോ എന്നും ഹസ്സന്‍ ചോദിച്ചു. മാതൃകാപരമായ നടപടി എടുത്ത കോണ്‍ഗ്രസിനെ ജനങ്ങള്‍ കാണുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ത്രീപീഡകരെയും കളങ്കിതരായ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്. എംഎല്‍എ മുകേഷിനെതിരെ എന്ത് നടപടി എടുത്തു? ഇതുവരെ രാഹുലിന് എതിരെ ആരും പോലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതിക്കാര്‍ ഉണ്ടോയെന്ന് മുഖ്യമന്ത്രിയുടെ പോലീസ് അന്വേഷിച്ചിറങ്ങേണ്ട ഗതികേടാണ് കേരളത്തിലെ ആഭ്യന്തര വകുപ്പിനെന്നും ഹസ്സന്‍ വിമര്‍ശിച്ചു. സ്ത്രീ പീഡകരെ സംരക്ഷിക്കുന്ന പാര്‍ട്ടി സ്ത്രീപക്ഷ നിലപാടിനെക്കുറിച്ച് സംസാരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതികളില്ലാത്ത ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നതെന്നും ഇത് ആഭ്യന്തര വകുപ്പിന്റെ ഗതികേടാണെന്നും ഹസ്സന്‍ കുറ്റപ്പെടുത്തി.