സുഖമില്ലാത്ത കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്താല്‍ എന്താ തെറ്റെന്ന് സര്‍ക്കാര്‍; ശാസനയുമായി കോടതി

Jaihind Webdesk
Friday, February 8, 2019

ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്‍റെ ശിക്ഷ മരവിപ്പിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ സര്‍ക്കാര്‍ അഭിഭാഷകന് ഹൈക്കോടതിയുടെ താക്കീത്. കുഞ്ഞനന്തന്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തതിനെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ശ്രമം നടത്തിയതാണ് കോടതിയുടെ ശാസനയിലേക്ക് നയിച്ചത്. സ്വന്തം രാഷ്ട്രീയം കോടതിയില്‍ എടുക്കേണ്ടെന്നു ജഡ്ജി പറഞ്ഞു.

ജയിൽ ശിക്ഷയ്ക്കു വിധിക്കപ്പെട്ട പി.കെ. കുഞ്ഞനന്തൻ ചികിത്സയ്ക്കെന്ന പേരിൽ പരോളിൽ ഇറങ്ങി പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതായി ടി.പി. വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ ആക്ഷേപം ഉന്നയിച്ചിരുന്നു. ഈ സമയം പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണു തെറ്റ് എന്ന ചോദ്യവുമായി സർക്കാർ അഭിഭാഷകൻ എഴുന്നേറ്റത്. സർക്കാരും തിരഞ്ഞെടുപ്പു കമ്മിഷനും അംഗീകരിച്ച പാർട്ടിയല്ലേ ഇത് എന്നും സ്പെഷൽ പ്രോസിക്യൂട്ടർ രാഷ്ട്രീയം പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെയാണ് ഹൈക്കോടതി സർക്കാർ അഭിഭാഷകനെ ശാസിച്ചത്.

സന്ധിവേദന, പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയ രോഗങ്ങൾ ഉണ്ടെന്ന കുഞ്ഞനന്തന്റെ വാദത്തിന്, ഇത് എല്ലാവർക്കും ഉണ്ടാകുന്ന അസുഖങ്ങളല്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. കുറ്റവാളികൾക്കു മെഡിക്കൽ കോളജിൽ ശരിയായ ചികിത്സ ലഭിക്കില്ലെന്നു കുഞ്ഞനന്തൻ ചൂണ്ടിക്കാട്ടിയപ്പോൾ സംസ്ഥാനത്ത് ഏറ്റവും മികച്ച ചികിൽസ ലഭിക്കുന്നതു മെഡിക്കൽ കോളജുകളിലല്ലേ എന്നും കോടതി ചോദിച്ചു. ചികിത്സ പൂർത്തിയാക്കാൻ എത്ര സമയം വേണമെന്നും ആശുപത്രിയിൽ കുടുംബാംഗങ്ങളെ കൂടെ നിർത്താൻ അനുവദിച്ചാൽ മതിയോ എന്നും കോടതി ആരാഞ്ഞു.

ചികിൽസയല്ല കുഞ്ഞനന്തന്റെ ലക്ഷ്യമെന്നും പരോൾ നേടി രാഷ്ട്രീയ പ്രവർത്തനം നടത്തുകയാണു ചെയ്യുന്നതെന്നും ടിപി വധക്കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു. തിരഞ്ഞെടുപ്പു കമ്മിഷനും സർക്കാരും അംഗീകരിച്ചിട്ടുള്ള പാർട്ടിയുടെ പരിപാടികളിൽ പങ്കെടുക്കുന്നതിൽ എന്താണ് തെറ്റെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ ചോദ്യം. ഡിസിസി ഭാരവാഹിയെപ്പോലെയാണു പ്രോസിക്യൂട്ടർ വാദിക്കുന്നതെന്നും സർക്കാർ അഭിഭാഷകൻ കുറ്റപ്പെടുത്തി. ഈ ഘട്ടത്തിലാണ്, താങ്കളുടെ രാഷ്ട്രീയം ഇവിടെ എടുക്കേണ്ടെന്ന് കോടതി സർക്കാർ അഭിഭാഷകനെ ഓർമിപ്പിച്ചത്. കേസ് വരുന്ന ബുധനാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചു.

പി.കെ. കുഞ്ഞനന്തനു പിണറായി സർക്കാരിന്റെ കാലത്ത് 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസം പരോൾ അനുവദിച്ചതു മുഖ്യമന്ത്രി സഭയിൽ അറിയിച്ചിരുന്നു. കണ്ണൂരിലെ പാനൂർ ഏരിയ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ 2014 ജനുവരിയിലാണു ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. ജയിൽവാസക്കാലത്തു നടന്ന രണ്ടു സിപിഎം സമ്മേളനങ്ങളിലും ഏരിയ കമ്മിറ്റിയിൽ നിലനിർത്തിയിരുന്നു. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽനിന്നു പരോളിലെത്തി ഏരിയ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഭാര്യയുടെ ചികിൽസ, കുടുംബത്തോടൊപ്പം കഴിയാൻ എന്നീ രണ്ടു കാരണങ്ങൾ മാറിമാറി ചൂണ്ടിക്കാട്ടിയാണു 193 ദിവസത്തെ പരോൾ നൽകിയിരുന്നത്.