‘സിബിഐ കുറ്റപത്രം രാഷ്ട്രീയ ആയുധമാക്കരുത്’ – വാളയാര്‍ കേസില്‍ വി.ടി ബല്‍റാമിന്‍റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

Jaihind News Bureau
Tuesday, February 11, 2025

പാലക്കാട്: വാളയാര്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുതിയ കുറ്റപത്രത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന മന്ത്രിയായ എം.ബി രാജേഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ വി.ടി.ബല്‍റാം എം.എല്‍.എ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്.

“വാളയാർ കേസിൽ സിബിഐ തയ്യാറാക്കിയിരിക്കുന്ന കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന മന്ത്രിയും തൃത്താലയിലെ എംഎൽഎയുമായ എം.ബി.രാജേഷിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. വാളയാറിലെ 13ഉം 9ഉം വയസ്സ് മാത്രം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ടും അതിലെ പ്രതികളെ സംരക്ഷിക്കാൻ ഭരണകക്ഷി നേതാക്കൾ രംഗത്തിറങ്ങി എന്ന ആരോപണം സംബന്ധിച്ചും തന്റെ ഭാഗം ന്യായീകരിക്കാനുള്ള അദ്ദേഹത്തിന്റെ എല്ലാ അവകാശത്തേയും അംഗീകരിക്കുന്നു. എന്നാൽ പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം 2021ൽ തൃത്താലയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ എതിർ സ്ഥാനാർത്ഥിയായിരുന്ന എന്നേക്കുറിച്ചും യുഡിഎഫിന്റെ പ്രചരണത്തേക്കുറിച്ചും ചില പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. ചുരുങ്ങിയ വാക്കുകളിൽ അതിനോട് പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നു.

1) കോൺഗ്രസും പ്രതിപക്ഷവും പൊതുസമൂഹത്തിലെ മിക്കവരും വാളയാർ വിഷയത്തിലിടപെട്ടത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട രണ്ട് കുഞ്ഞുങ്ങളുടെ നീതിക്ക് വേണ്ടിയാണ്. ആ കുഞ്ഞുങ്ങളെ ഇല്ലാതാക്കിയ നരാധമന്മാർക്കെതിരെ ശക്തമായ നടപടി ഉണ്ടാവണമെന്നായിരുന്നു എല്ലാവരുടേയും ആവശ്യം. ആദ്യം മുതൽ പ്രതിപ്പട്ടികയിലുണ്ടായിരുന്നവരേക്കൂടാതെ പുതിയതായി ആരെ പ്രതിപ്പട്ടികയിലേക്ക് ഉൾപ്പെടുത്തിയാലും “ക്രൂരമായി ഇല്ലാതാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് നീതി വേണം” എന്ന പൊതു ആവശ്യത്തേ അത് ബാധിക്കുന്നില്ല. അതുകൊണ്ട് തന്നെ കുഞ്ഞുങ്ങളുടെ അമ്മ സാക്ഷിപ്പട്ടികയിൽ നിന്ന് പ്രതിപ്പട്ടികയിലേക്ക് മാറി എന്നതിനാൽ വിഷയത്തിൽ ആദ്യം മുതൽ നീതിക്ക് വേണ്ടി ശബ്ദമുയർത്തിയ ആർക്കും തലകുനിക്കേണ്ട ഒരു കാര്യവുമില്ല.

2) സിബിഐ എന്ന കേന്ദ്ര അന്വേഷണ ഏജൻസി തയ്യാറാക്കി കോടതിക്ക് മുമ്പാകെ സമർപ്പിച്ച കുറ്റപത്രത്തിലെ ആരോപണങ്ങളാണ് ഇപ്പോൾ സംസ്ഥാന ഭരണക്കാർ വലിയ പ്രചാരവേലക്കായി ഉപയോഗപ്പെടുത്തുന്നത്. ഈ കുറ്റപത്രവും അതിലെ ആക്ഷേപങ്ങൾ സാധൂകരിക്കാനാവശ്യമായ തെളിവുകളും കോടതിക്ക് മുമ്പാകെ സമർപ്പിച്ച്, കോടതി അതിന്റെ മറുഭാഗം കൂടി കേട്ട്, തെളിവുകളുടെ അടിസ്ഥാനത്തിൽ ഒരു വിധി പ്രസ്താവിക്കുമ്പോൾ മാത്രമേ ഈ പുതിയ ആരോപണങ്ങളുടെ മെറിറ്റിൽ ഒരു ചർച്ചക്ക് തന്നെ സ്കോപ്പുള്ളൂ. അതിന് മുൻപേ ” ഫയൽവാൻ ജയിച്ചേ” എന്ന മട്ടിലുള്ള പ്രചരണത്തിന് ഒരുമ്പെടുന്നത് അസംബന്ധമാണ്. പെരിയ ഇരട്ടക്കൊലപാതക കേസിൽ ഈ എല്ലാ വിചാരണ നടപടികളും പൂർത്തീകരിച്ച് സിബിഐ കോടതി വിധി പ്രസ്താവിച്ച് സിപിഎം മുൻ എംഎൽഎ അടക്കമുള്ള കുറ്റവാളികൾക്ക് ശിക്ഷ വിധിച്ചിട്ട് പോലും അതിനെ അംഗീകരിക്കാൻ കൂട്ടാക്കാത്തവരാണ് വാളയാർ കേസിൽ കുറ്റപത്രത്തിലെ ആരോപണങ്ങൾ മാത്രമായ ചില സംഗതികളെ മുഖവിലക്കെടുത്ത് ഇപ്പോഴേ രാഷ്ട്രീയ പ്രചരണം നടത്തുന്നത്.

3) വാളയാറിൽ 9ഉം 13ഉം വയസ്സ് മാത്രമുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ ദൂരൂഹമായ സാഹചര്യത്തിൽ ഒന്നിനു പിറകേ ഒന്നായി മരണപ്പെട്ടു എന്നത് ഒരു യാഥാർത്ഥ്യമാണ്. ആദ്യത്തെ പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് തെളിയിക്കുന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ട് പോലീസ് ബന്ധുക്കൾക്ക് നൽകിയിരുന്നില്ല എന്നും അന്നത് പൊതുശ്രദ്ധയിൽ വന്നിരുന്നെങ്കിൽ രണ്ടാമത്തെ ദാരുണ മരണം ഒരുപക്ഷേ തടയാനാവുമായിരുന്നു എന്നുമാണ് സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ തുടക്കത്തിൽത്തന്നെ ഉയർന്നിരുന്ന ആരോപണം. ഇതിൽ ഇപ്പോഴും സംസ്ഥാന ഭരണക്കാർ കുറ്റവിമുക്തരായിട്ടില്ല.

4) ഇങ്ങനെ ദുരൂഹമായ രണ്ട് മരണങ്ങൾ ഒന്നിനുപിറകേ ഒന്നായി സ്വന്തം നാട്ടിൽ ഉണ്ടാകുമ്പോൾ അവിടം ഒന്ന് സന്ദർശിക്കുക എന്നത് ഏതൊരു ജനപ്രതിനിധിയും പൊതുപ്രവർത്തകനും സാധാരണ ഗതിയിൽത്തന്നെ ചെയ്യുമായിരുന്ന കാര്യമാണ്. എന്നാൽ അന്ന് പാലക്കാട് എം.പി.യായിരുന്ന എം.ബി.രാജേഷ് സ്വന്തം മണ്ഡലത്തിലെ ആ വീട് ഒരിക്കൽപ്പോലും സന്ദർശിക്കാൻ തയ്യാറായില്ല എന്നത് ഇന്നും ദുരൂഹമായി തുടരുകയാണ്. പ്രായാധിക്യം മൂലം ശാരീരികമായ അവശത അനുഭവിക്കുന്നയാളായിട്ടും ശ്രീ വി.എസ്. അച്ചുതാനന്ദൻ അന്നവിടെ സന്ദർശിച്ചിരുന്നു എന്നും ഓർക്കണം. എം.ബി രാജേഷിനെക്കുറിച്ച് ചില സംശയങ്ങൾ ഈ വിഷയത്തിൽ ഉയർന്നു തുടങ്ങിയത് അന്ന് മുതലാണ്.

5) പ്രധാന പ്രതിയായി ഇപ്പോഴും നിൽക്കുന്ന മധു എംബി രാജേഷിന്റെ ഭാര്യാ സഹോദരനും ഡിവൈഎഫ്ഐ നേതാവുമായ നിതിൻ കണിച്ചേരിയുമായി അടുത്ത സൗഹൃദമുള്ളയാളാണെന്ന് തെളിയിക്കുന്ന ഫോട്ടോ അക്കാലം മുതൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ച് വരുന്നുണ്ട്. ഇരുവരും കെട്ടിപ്പിടിച്ച് നിൽക്കുന്ന ആ ഫോട്ടോ ഒരു ഓർമ്മപ്പെടുത്തലിനായി ഈ പോസ്റ്റിനൊപ്പവും ചേർക്കുന്നു. മധു ചുവന്ന മുണ്ടുടുത്ത് സിപിഎം പരിപാടികളിലൊന്നിൽ പങ്കെടുക്കുന്ന ഫോട്ടോയും ആ ഘട്ടത്തിലൊക്കെ പ്രചരിച്ചിരുന്നു. ഈ മധു കുറ്റവാളിയല്ല എന്നാണോ സിപിഎമ്മിന്റേയും രാജേഷിന്റേയും ഇപ്പോഴത്തെയും നിലപാട്?

6) പിന്നെ, തൃത്താലയിലെ യുഡിഎഫിന്റെ ഇലക്ഷൻ പ്രചരണ വിഷയം. വാളയാർ വിഷയമടക്കം ആ സർക്കാരിന്റെ കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടന്ന അതിക്രമങ്ങൾ കേരളത്തിലെമ്പാടും യുഡിഎഫ് തെരഞ്ഞെടുപ്പ് വിഷയമാക്കിയിട്ടുണ്ട്. പാലക്കാട് എംപിയായിരുന്ന എംബി രാജേഷ് അന്നും മൗനം പാലിച്ച ഒന്നാം പിണറായി സർക്കാരിന്റെ ബ്രൂവറി, ഡിസ്റ്റിലറി അഴിമതിയും തൃത്താലയിൽ തെരഞ്ഞെടുപ്പ് ചർച്ചയായിട്ടുണ്ട്. തങ്ങൾ തയ്യാറാക്കിയ “റാങ്ക് ലിസ്റ്റ് ശീർഷാസനം ചെയ്യപെട്ടു” എന്ന് ഇന്റർവ്യൂ ബോർഡിലെ ഇടതുപക്ഷ അധ്യാപകർ തന്നെ പത്രസമ്മേളനം നടത്തി പ്രഖ്യാപിച്ച കാലടി സർവ്വകലാശാലയിലെ അസി. പ്രൊഫസർ നിയമന അഴിമതിയും ചർച്ചയായിട്ടുണ്ട്.

എന്നാൽ എം ബി രാജേഷ് തന്റെ ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നൽകിയ ഫോട്ടോ കമന്റിലെ പോസ്റ്റർ യുഡിഎഫ് എവിടെയും തയ്യാറാക്കിയതോ പ്രിന്റ്‌ ചെയ്തതോ തൃത്താലയിൽ ഒരു ചുമരിൽപ്പോലും ഒട്ടിച്ചതോ അല്ല. അങ്ങനെ ഏതെങ്കിലും ചുമരിൽ ആ പോസ്റ്റർ ഒട്ടിച്ചിട്ടുണ്ടായിരുന്നെങ്കിൽ അതിന്റെ ഫോട്ടോ അന്ന് തന്നെ സിപിഎമ്മുകാർക്ക് എടുത്ത് പ്രചരിപ്പിക്കാമായിരുന്നു. ഇപ്പോഴും അവസരമുണ്ട്, ഏതെങ്കിലും ചുമരിൽ ഇങ്ങനെയൊരു പോസ്റ്റർ ഒട്ടിച്ചതായി തെളിയിക്കാമോ?

എന്നാൽ മറുഭാഗത്തോ? രാജേഷിന് വേണ്ടി എൽഡിഎഫ് ഔദ്യോഗികമായി തയ്യാറാക്കി പതിനായിരക്കണക്കിന് കോപ്പികളടിച്ച് വീടുവീടാന്തരം വിതരണം ചെയ്ത ലഘുലേഖയിൽ 2012ൽ ഒരു സമുദായ നേതാവിന്റെ രാഷ്ട്രീയത്തിലെ അനഭിലഷണീയമായ ഇടപെടലിനെതിരെ ഞാൻ നടത്തിയ പരാമർശം സന്ദർഭത്തിൽ നിന്ന് അടർത്തി മാറ്റി വലിയ രീതിയിൽ ഉൾപ്പെടുത്തിയിരുന്നു എന്ന് മറക്കണ്ട. 2016ലെ തെരഞ്ഞെടുപ്പിൽ തൃത്താലയിലെ സിപിഎം ഉപയോഗിക്കാതിരുന്ന ആ വിഷയം സവർണ്ണ സംവരണമടക്കമുള്ളവയിലെ എന്റെ നിലപാടിന്റെ പശ്ചാത്തലത്തിൽ ഈ ഇലക്ഷനിൽ എംബി രാജേഷ് ഉപയോഗിക്കുകയായിരുന്നു. പൊതു ശത്രുവിനെ തോൽപ്പിക്കാൻ ബിജെപിക്കാരുടെ വോട്ടുറപ്പിക്കുക എന്ന ലക്ഷ്യം നേടാൻ അതൊക്കെ രാജേഷിനെ സഹായിച്ചുകാണും.

അതുകൊണ്ട് എം ബി രാജേഷും പ്രചരണ വിഭാഗവും വാളയാറിലെ കുഞ്ഞുങ്ങളുടെ ദുരൂഹ മരണത്തെ തങ്ങളുടെ രാഷ്ട്രീയ പ്രചരണത്തിനായും വ്യക്തിപരമായ പ്രതിച്ഛായാ നിർമ്മിതിക്കായും ഇപ്പോഴേ ദുരുപയോഗപ്പെടുത്തുന്നത് അപക്വവും മനുഷ്യത്വ വിരുദ്ധവുമാണ്. ചുരുങ്ങിയപക്ഷം, സിബിഐയുടെ പുതിയ കണ്ടെത്തലുകളേക്കുറിച്ച് കോടതി ഒരു വിധി പ്രഖ്യാപിക്കുന്നത് വരെയെങ്കിലും ഒന്ന് കാത്തിരിക്കണം.

കാരണം, നീതി വേണ്ടത് ആ കുഞ്ഞുങ്ങൾക്കാണ്”.

വി.ടി. ബൽറാമിന്‍റെ പോസ്റ്റ് വാളയാർ കേസിന്‍റെ ദുരൂഹതകൾക്കും ആരോപണങ്ങൾക്കും മറുപടിയായി മാത്രം തീരുന്നില്ല. കുഞ്ഞുങ്ങളുടെ നീതിക്കായുള്ള പോരാട്ടം രാഷ്ട്രീയ കളികളില്‍ അലിഞ്ഞുപോകരുത് എന്ന കടുത്ത മുന്നറിയിപ്പാണ് അദ്ദേഹം തന്‍റെ നിലപാടിലൂടെ മുന്നോട്ട് വച്ചത്. കോടതി വിധി പ്രഖ്യാപിക്കുന്നതുവരെ നിലവിലുള്ള ആരോപണങ്ങള്‍ വിലയിരുത്തണം എന്ന് കൂട്ടിച്ചേർത്തു.  കുഞ്ഞുങ്ങളുടെ അമ്മയെ പ്രതിയാക്കുന്ന നീക്കത്തെ താൻ എങ്ങനെയും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.