
പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പുവച്ചതിനെതിരെ വിമര്‍ശനവുമായി സിപിഐ മുഖപത്രം. പദ്ധതിയില്‍ ഒപ്പുവച്ച വാര്‍ത്ത പുറത്തുവന്നത് അപ്രതീക്ഷിതവും അമ്പരപ്പിക്കുന്നതുമായിരുന്നു എന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. മതാധിഷ്ഠിതമായ സമൂഹ സൃഷ്ടിക്ക് വിത്തുപാകലാണ് പദ്ധതിയുടെ ലക്ഷ്യം. ചര്‍ച്ചകളുടെയും സമവായത്തിന്റെയും എല്ലാ സാധ്യതകളും പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ അട്ടിമറിച്ചുവെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറയുന്നു.
ഫാസിസ്റ്റ് അജണ്ടയ്ക്ക് വഴങ്ങിക്കൂടാ എന്ന തലക്കെട്ടോട് കൂടിയാണ് പിഎംശ്രീ യില്‍ ഒപ്പു വച്ച സര്‍ക്കാരിനെതിരെ സിപിഐ മുഖപത്രം ജനയുഗം രൂക്ഷമായി പ്രതികരിച്ചത്. പിഎം ശ്രീ ഫാസിസ്റ്റ് അജണ്ടയാണെന്ന് ജനയുഗം ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവല്‍ക്കരണം, ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് അനുസരിച്ച് പുതിയ തലമുറയെ വാര്‍ത്തെടുക്കല്‍ എന്നിവയാണ് പിഎം ശ്രീ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇതൊക്കെയും വ്യക്തമായിരിക്കെ മുന്നണി സംവിധാനത്തിന്റെ അടിസ്ഥാന മര്യാദകളുടെ ലംഘനമാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. വിദ്യാഭ്യാസമന്ത്രിയുടെ അറിവോടെയാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു എന്ന് ജനയുഗം വിമര്‍ശിക്കുന്നു.
കേന്ദ്രസര്‍ക്കാരിന്റെ സ്വേച്ഛാധിപത്യത്തിനു വഴങ്ങുന്നത് സംസ്ഥാനത്തിന്റെ ഫെഡറല്‍ ജനാധിപത്യം അടിയറ വയ്ക്കുന്ന നടപടിയാണ്. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സാമ്പത്തികവും സാമൂഹികവുമായ നീതിബോധം, വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലെ സാഹോദര്യവും ദേശീയബോധവും തുടങ്ങിയ സാര്‍വത്രിക മൂല്യങ്ങളെ മുളയിലേ നുള്ളി സ്വേച്ഛാധികാരവും ജാതിവ്യവസ്ഥയും മതമേല്‍ക്കോയ്മയും നടപ്പാക്കാനുള്ള ആര്.എസ്. എസ്. അജണ്ടയാണ് പി എംശ്രീ എന്നത് വ്യക്തമാണ്.
പിഎം ശ്രീ സ്കൂള്‍ പദ്ധതിയുടെ ഒരു ലക്ഷ്യം സ്കൂളുകളുടെ അടിസ്ഥാനസൗകര്യ വികസനമാണ്. കേരളം ഇക്കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ സാര്‍വത്രികമായി എത്രയോ കാതം മുന്നിലാണ്. സംസ്ഥാനത്തെ സ്കൂളുകള്‍ മഹാഭൂരിപക്ഷവും ലോകോത്തര നിലവാരം കൈവരിച്ചിട്ടുണ്ടെന്നും ജനയുഗം പറയുന്നു. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ പ്രത്യയശാസ്ത്രത്തിന് അനുസൃതമായി പുതുതലമുറയെ വാര്‍ത്തെടുക്കുകയാണ് പിഎംശ്രീ യുടെ ലക്ഷ്യം. ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള സംസ്ഥാനങ്ങള്‍ക്ക് അവകാശപ്പെട്ട കേന്ദ്ര വിഹിതം കിട്ടുന്നതിന് കേന്ദ്രവും സംസ്ഥാനവുമായി ഒരുതരം ജന്മികുടിയാന് ബന്ധമായി അധപതിക്കരുതെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ ചിന്തിക്കണമെന്നും ജനയുഗം ഓര്‍മിപ്പിക്കുന്നു. ആശയപരവും രാഷ്ട്രീയമായ അടിമത്വത്തിലേക്കുള്ള ഇരുളടഞ്ഞ പാതയാക്കി മാറ്റാന്‍ അനുവദിച്ചുകൂടെന്നും ജനയുഗം താക്കീത് നല്കുന്നു.