നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കരുത്: മുഖ്യമന്ത്രിക്ക് കെ.സി. വേണുഗോപാല്‍ എംപിയുടെ കത്ത്

 

തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളംകളി റദ്ദാക്കാനുള്ള നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എംപി. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കെ.സി. വേണുഗോപാല്‍ കത്തുനല്‍കി. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ക്ലബ്ബുകള് നടത്തിയ തയാറെടുപ്പുകള്‍ വെറുതെയാകുമെന്നും സർക്കാർ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെക്കാന്‍ തീരുമാനിക്കുകയും പിന്നീട് നടത്താമെന്ന ധാരണയില്‍ എത്തുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് തുഴച്ചിലുകാരും ബോട്ട് ക്ലബ്ബുകാരും പരിശീലനമടക്കം പൂര്‍ത്തിയാക്കി. 19 ചുണ്ടന്‍ വള്ളങ്ങളാണ് ഇക്കൊല്ലം മത്സരത്തിന് പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 20 ലക്ഷം രൂപ മുതല്‍ 80 ലക്ഷം രൂപ വരെയാണ് ഓരോ വള്ളങ്ങള്‍ക്കും പരിശീലന ചെലവ്. 12 ബോട്ട് ക്ലബ്ബുകള്‍ ഇതിനോടകം 60 ലക്ഷം രൂപയ്ക്ക് മുകളില്‍ ചെലവാക്കി പരിശീലനം നടത്തി. ആലപ്പുഴയിലേയും കുട്ടനാട്ടിലെയും വള്ളംകളിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ‍ തങ്ങളുടെ വരുമാനത്തില്‍ നിന്നും മിച്ചം പിടിക്കുന്നതുകയും കടം വാങ്ങിയും പിരിവെടുത്തും സമാഹരിക്കുന്ന പണവുമാണ് പരിശീലനത്തിനായും വള്ളം കളിയുടെ മറ്റ് ചെലവുകള്‍ക്ക് വേണ്ടിയും ഉപയോഗിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

വയനാടിന്‍റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ ഒരുതരത്തിലും ബാധിക്കാത്ത തരത്തില്‍ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ അവസാനത്തോടെയെങ്കിലും സംഘടിപ്പിക്കുവാന്‍ സര്‍ക്കാര്‍ തയാറാകണം. വലിയ തുക ചെലവിട്ട് വള്ളംകളിക്ക് തയാറെടുത്തിരുന്ന ക്ലബ്ബുകള്‍ക്കും തുഴച്ചിലുകാര്‍ക്കും കരക്കാര്‍ക്കും അത്തരമൊരു തീരുമാനം ആശ്വാസകരമാകുമെന്നും കെ.സി. വേണുഗോപാല്‍ എംപി ചൂണ്ടിക്കാട്ടി.

Comments (0)
Add Comment