‘ഇറാൻ തകർന്നു, അമേരിക്ക ജയിച്ചു’; പശ്ചിമേഷ്യൻ യുദ്ധത്തിൽ വിജയപ്രഖ്യാപനവുമായി ട്രംപ്

Jaihind News Bureau
Thursday, April 2, 2026

പശ്ചിമേഷ്യൻ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കെ, രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി. യുദ്ധത്തിൽ അമേരിക്ക പൂർണ്ണ വിജയം വരിച്ചെന്നും ഇറാന്റെ സൈനിക ശേഷി പാടെ തകർന്നടിഞ്ഞെന്നുമാണ് ട്രംപിന്റെ അവകാശവാദം. ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായും ഇല്ലാതായെന്നും ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ട്രംപ് കൃത്യമായ സൂചന നൽകിയില്ല.

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ലോകരാജ്യങ്ങൾക്ക് ട്രംപ് കർശന മുന്നറിയിപ്പ് നൽകി. ഹോർമുസ് കടലിടുക്ക് വഴി ഗതാഗതം ആവശ്യമുള്ള രാജ്യങ്ങൾ അതിന്റെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണം. അല്ലാത്തപക്ഷം രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാൻ തയ്യാറാകണം. അല്ലെങ്കിൽ ഹോർമുസ് സ്വാഭാവികമായി തുറക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാന്റെ ഭരണകൂട മാറ്റം അമേരിക്കയുടെ നേരിട്ടുള്ള ലക്ഷ്യമല്ലെങ്കിലും, നിലവിലെ സാഹചര്യത്തിൽ അത് സംഭവിക്കുമെന്നാണ് ട്രംപ് നൽകുന്ന സൂചന.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന സംവിധാനങ്ങൾ തരിപ്പണമായെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാൻ ഇനി നടത്തുന്ന ഏത് നീക്കവും അമേരിക്കയ്ക്ക് മുൻകൂട്ടി അറിയാൻ കഴിയുമെന്നും അതെല്ലാം തകർക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഒരു ഭീഷണിയല്ലെന്നും അവിടുത്തെ സമാധാനത്തിന് തടസ്സമായിരുന്ന ഇറാന്റെ പ്രഭാവം അസ്തമിച്ചെന്നും ട്രംപ് കൂട്ടിച്ചേർത്തു.