സ്ത്രീധന പീഡനം : നവവധുവിന് ക്രൂരമർദ്ദനം

Jaihind Webdesk
Wednesday, July 21, 2021

Gold

പുത്തൂർ : സ്ത്രീധനത്തെച്ചൊല്ലി തർക്കമുണ്ടാക്കി നവവധുവിനെ മർദ്ദിച്ചും തള്ളി നിലത്തിട്ടും സാരമായി പരിക്കേൽപ്പിച്ചതായി പരാതി. ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കോട്ടാത്തല തലയണിവിളഭാഗം മിഥുൻ ഭവനിൽ മിഥുനെതിരെയാണ് പുത്തൂർ പൊലീസ് കേസെടുത്തത്. മിഥുനും കൊട്ടാരക്കര നീലേശ്വരം സ്വദേശിനിയായ അഞ്ജുവും തമ്മിലുള്ള വിവാഹം നടന്നിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. ഇതിനിടയിലാണ് സ്ത്രീധനം ആവശ്യപ്പെട്ട് മിഥുൻ തന്നെ ഉപദ്രവിക്കുന്നതായി അഞ്ജു വീട്ടിൽ അറിയിച്ചത്.

ഇതിന് ശേഷം സാരമായ പരിക്കേറ്റ നിലയിൽ അഞ്ജുവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അർദ്ധബോധാവസ്ഥയിലായിരുന്ന അഞ്ജു ചികിത്സയ്ക്ക് ശേഷം കുടുംബ വീട്ടിലെത്തി. ഇതിന് ശേഷമാണ് അമ്മ കൊട്ടാരക്കര പൊലീസിൽ പരാതി നൽകിയത്. കൊട്ടാരക്കര പൊലീസ് അഞ്ജുവിന്റെയും അമ്മയുടെയും മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് പുത്തൂർ പൊലീസിന് കൈമാറി. പുത്തൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇരുചക്ര വാഹനത്തിൽ നിന്ന് വീണാണ് അഞ്ജുവിന് പരിക്കേറ്റതെന്നാണ് ഭർതൃബന്ധുക്കൾ അറിയിച്ചത്. പൊലീസ് അതും അന്വേഷിക്കുന്നുണ്ട്.