ഡോളർ കടത്ത് : മുഖ്യമന്ത്രിക്കും സ്പീക്കർക്കും നേരിട്ട് പങ്കെന്ന് സ്വപ്നയുടെ മൊഴി

Jaihind News Bureau
Friday, March 5, 2021

 

കൊച്ചി : ഡോളര്‍ കടത്ത് കേസിൽ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്. മുഖ്യമന്ത്രിക്കും മന്ത്രിസഭയിലെ മൂന്നുപേർക്കും ഡോളർ കടത്തിൽ പങ്കെന്ന് സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്‍റെ മൊഴി. cgഹൈക്കോടതിയിൽ സമർപ്പിക്കുന്നതിനായി കസ്റ്റംസ് തയാറാക്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഖ്യമന്ത്രിക്ക് യു.എ.ഇ കോൺസൽ ജനറലുമായി ബന്ധമുണ്ടെന്നും നേരിട്ട് സാമ്പത്തിക ഇടപാട് നടന്നതായും മൊഴിയിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്നാ സുരേഷിൻ്റെ രഹസ്യ മൊഴിയിൽ പറയുന്നത്. സ്വര്‍ണക്കടത്തിൽ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാൽ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയിൽ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

2020 നവംബർ 25 നാണ് എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് (ഇക്കണോമിക് ഒഫൻസ്) മുമ്പാകെ ഈ മൊഴികള്‍ നല്‍കിയത്. കസ്റ്റംസ് ആക്ട് 108 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കു പുറമേ സ്പീക്കറിനും മൂന്നു മന്ത്രിമാർക്കും കോൺസല്‍ ജനറലുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തിന്‍റെ സഹായത്തോടെ നിയമവിരുദ്ധമായി ഇടപാടുകൾ നടത്തിയിട്ടുള്ളതായും സ്വപ്ന നൽകിയ രഹസ്യ മൊഴിയിലുള്ളതായി കസ്റ്റംസ് പറയുന്നു. ഉന്നതർക്കെതിരെ മൊഴി നല്‍കരുതെന്ന് ജയിലില്‍ തനിക്ക് കനത്ത സമ്മർദ്ദമുണ്ടായെന്നും സ്വപ്ന ഈ മൊഴിയില്‍ വ്യക്തമാക്കുന്നു.

കസ്റ്റംസ് സത്യവാങ്മൂലത്തിന്‍റെ പകർപ്പ്