ഡോളര്‍ കടത്ത് : മുഖ്യമന്ത്രി മൗനം വെടിയണമെന്ന് പ്രതിപക്ഷം; സഭയ്ക്കുള്ളിലും പുറത്തും പ്രതിഷേധം

Jaihind Webdesk
Friday, August 13, 2021

തിരുവനന്തപുരം : ഡോളർ കടത്ത് കേസ് വീണ്ടും നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. കേസുമായി ബന്ധപ്പെട്ട് സ്വപ്നാ സുരേഷ് അടക്കമുള്ള പ്രതികളുടെ മൊഴിയിൽ മുഖ്യമന്ത്രി മറുപടി പറയണമന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടർച്ചയായ രണ്ടാം ദിവസമാണ് ഡോളർ കടത്ത് കേസ് പ്രതിപക്ഷം സഭയിൽ ഉന്നയിക്കുന്നത്.

ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തി. ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഡോളർ കടത്ത് കേസ് സഭയിൽ ഉന്നയിച്ചു. ഡോളർ കടത്ത് കേസിലെ പ്രതികളുടെ മൊഴി സംബന്ധിച്ച് മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ശരിയല്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങൾക്കിടയിൽ വലിയ ആശങ്ക നിലനിൽക്കുന്നുണ്ട്. വിഷയത്തിൽ വ്യക്തമായ നിലപാട് മുഖ്യമന്ത്രി വിശദീകരിക്കണം. കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന വിഷയങ്ങൾ പരിഗണിക്കാൻ കഴിയില്ലെന്ന നിയമസഭയുടെ നിലപാട് അംഗീകരിക്കാൻ സാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. തുടർന്ന് സഭയില്‍ ബാനർ ഉയർത്തി മുദ്രാവാക്യം വിളിച്ച പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു.

സഭാ കവാടത്തിന് മുന്നില്‍ പ്രതിഷേധ മതില്‍ തീര്‍ത്തും പ്രതിപക്ഷ അംഗങ്ങള്‍ കടുത്ത എതിർപ്പ് ഉയർത്തി. പ്രതിഷേധ മതില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു.