ഡോളർ കടത്ത് കേസ് : സ്പീക്കറെ ഉടന്‍ വിളിപ്പിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ്

Jaihind News Bureau
Thursday, February 11, 2021

 

കൊച്ചി : ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർ പി ശ്രീരാമകൃഷ്ണനെ വിളിപ്പിക്കാനൊരുങ്ങി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. ഡോളർ കടത്തിന് പിന്നില്‍ നടന്നത് കള്ളപ്പണം വെളുപ്പിക്കലാണെന്ന നിഗമനത്തിലാണ് ഇ.ഡി. കേസിലെ പ്രതികളായ സ്വപ്നാ സുരേഷിന്‍റെയും സരിത്തിന്‍റെയും രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇ.ഡി കോടതിയില്‍ അപേക്ഷ നല്‍കി. ഇത് ലഭിച്ചതിന് ശേഷം സ്പീക്കർ പി ശ്രീരാമകൃഷ്ണനെയും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെയും വിളിപ്പിക്കാനാണ് ഇ.ഡി ആലോചിക്കുന്നത്.

നയതന്ത്ര ചാനലിലൂടെ ഡോളർ വിദേശത്ത് എത്തിച്ചത് യു.എ.ഇ കോണ്‍സുലേറ്റിലെ മൂന്ന് ഉദ്യോഗസ്ഥർ വഴിയാണ്. പ്രവാസി വ്യവസായിയും പൊന്നാനി സ്വദേശിയുമായ ലഫീര്‍ മുഹമ്മദ് ഇത് കൈപ്പറ്റിയെന്നാണ് കരുതുന്നത്. ഇയാളെ ഇ.ഡി ഇതിനോടകം ഒന്നിലേറെ തവണ ചോദ്യം ചെയ്തുകഴിഞ്ഞു. ഇയാളുടെ ബംഗളുരുവിലെ ഓഫീസിലും പൊന്നാനിയിലെ വീട്ടിലും എന്‍ഫോഴ്സ്മെന്‍റ് നടത്തിയ റെയ്ഡില്‍ രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. ലഫീറിന്‍റെ മസ്ക്കറ്റിലെ കോളേജില്‍ ഉന്നതർ ബിനാമി പേരില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്. സ്പീക്കർ പി ശ്രീരാമകൃഷ്ണന്‍, എം ശിവശങ്കർ ഉള്‍പ്പെടെയുള്ള ഉന്നതർ ഇത്തരത്തില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടോ എന്നതാണ് ഇ.ഡി പരിശോധിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് ഡോളർ കടത്തിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനുവേണ്ടിയാണെന്നും ആർക്കുവേണ്ടിയാണെന്നും സ്വപ്നയും സരിത്തും കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഇതിന്‍റെ പകർപ്പാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പിന്നാലെ സ്പീക്കറെ വിളിപ്പിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് സൂചന.