ഡോളർ കടത്ത് : മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ അറസ്റ്റില്‍

Jaihind News Bureau
Thursday, January 21, 2021

 

കൊച്ചി : ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കൊച്ചിയിലെ സാമ്പത്തിക കുറ്റവിചാരണ കോടതി രാവിലെ കസ്റ്റംസിന് അനുമതി നൽകിയിരുന്നു. കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ.

വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാക്കനാട് ജയിലിലെത്തി കസ്റ്റംസ് സംഘം അറസ്റ്റിന്‍റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് കസ്റ്റംസ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

സ്വപ്നാ സുരേഷ്, സരിത്, യു.എ.ഇ കോൺസുലേറ്റിലെ അക്കൗണ്ടന്‍റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ. 1,90,000 രൂപയുടെ ഡോളർ വിദേശത്തേക്ക് കടത്തുന്നതിൽ സ്വപ്ന അടക്കമുള്ളവർക്ക് സഹായം നൽകിയവരിൽ പ്രധാനിയാണ് ശിവശങ്കർ എന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തൽ. ബാങ്ക് ഉദ്യോഗസ്ഥനടക്കം ശിവശങ്കറിനെതിരെ മൊഴി നൽകിയിരുന്നു. ഡോളർ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലപ്പെടുത്താനാണ് കസ്റ്റംസിന്‍റെ നീക്കം. നിരവധി പേരെ ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശിവശങ്കറിനെ കസ്റ്റഡിയിൽ വാങ്ങി കസ്റ്റംസ് ചോദ്യംചെയ്യും.