പഹല്‍ഗാമിലെ വിധവകളെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ബിജെപി രാജ്യസഭാ എംപി റാം ചന്ദര്‍ ജംഗ്രയ്‌ക്കെതിരേ രൂക്ഷപ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. പഹല്‍ഗാമിലെ ധീരരായ വിധവകളെ ഒരു ബിജെപി എംപി അപമാനിക്കുമ്പോള്‍, മിസ്റ്റര്‍ മോദിയുടെ രക്തം തിളയ്ക്കുന്നില്ലേ? എന്ന് അദ്ദേഹം ചോദിച്ചു. എല്ലാ ദിവസവും ബിജെപി നേതാക്കള്‍ സായുധ സേനയ്ക്കോ വിധവകള്‍ക്കോ എതിരെ സംസാരിക്കുകയും യാതൊരു നടപടിയും നേരിടാതിരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിധവകള്‍ ഭര്‍ത്താക്കന്മാരുടെ ജീവനുവേണ്ടി യാചിക്കുന്നതിന് പകരം ഭീകരരോട് പോരാടണമായിരുന്നു എന്ന ബിജെപി രാജ്യസഭാ എംപി റാം ചന്ദര്‍ ജംഗ്രയുടെ പരാമര്‍ശമാണ് വിവാദത്തിലായത്. ഭീകരാക്രമണത്തിന് ഇരയായവരോട് മനുഷ്യത്വരഹിതമായ സമീപനം കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തി. ദേവി അഹല്യാബായി ഹോള്‍ക്കര്‍ ജയന്തി ദിനത്തില്‍ ഭിവാനിയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് ജംഗ്രയുടെ ഈ വിവാദ പരാമര്‍ശം. ‘അവര്‍ കരഞ്ഞ് യാചിക്കുന്നതിനു പകരം പോരാടണമായിരുന്നു. അവര്‍ പോരാടിയിരുന്നെങ്കില്‍ മരണസംഖ്യ കുറയുമായിരുന്നു. എല്ലാ വിനോദസഞ്ചാരികളും അഗ്‌നിവീര്‍ ആയിരുന്നെങ്കില്‍, അവര്‍ ഭീകരരെ തുരത്തി മരണസംഖ്യ കുറക്കുമായിരുന്നു. റാണി അഹല്യാബായിയെപ്പോലെ നമ്മുടെ സഹോദരിമാരില്‍ വീണ്ടും ധൈര്യം ജ്വലിപ്പിക്കണം,’ ജംഗ്ര പറഞ്ഞു.
പഹല്‍ഗാമിലെ വിധവകളെ ആദരിക്കുന്നതില്‍ പ്രധാനമന്ത്രി ഗൗരവമുള്ളവനായിരുന്നെങ്കില്‍, വിലകുറഞ്ഞ നാടകീയതകള്‍ക്കപ്പുറം അദ്ദേഹം തന്റെ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമായിരുന്നുവെന്ന് കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അല്ലെങ്കില്‍ അദ്ദേഹം ഈ പ്രസ്താവനകളെ അംഗീകരിക്കുന്നുണ്ടെന്ന് രാജ്യത്തിന് വ്യക്തമാകും. വലിയ ത്യാഗങ്ങള്‍ ചെയ്തവരുടെ മനോവീര്യം ഇവര്‍ തകര്‍ക്കുന്നതായും കെ സി വേണുഗോപാല്‍ ഫേസ് ബുക്ക് കുറിപ്പില്‍ കുറ്റപ്പെടുത്തി