ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കമ്പനി (ബിബിസി) ഇന്ത്യക്ക് കനത്ത പിഴ. വിദേശനിക്ഷേപനിയമ ലംഘനത്തിന് 3.44 കോടി രൂപയും മൂന്ന് ബിബിസി ഡയറക്ടര്‍മാര്‍ 1.14 കോടി രൂപ വീതവും പിഴ ഒടുക്കണമെന്ന് ഇ ഡി . ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിന് ശേഷമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. 2023 ഫെബ്രുവരിയില്‍ ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ആസ്ഥാനത്ത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ തുടര്‍ന്നാണ് ഇഡി കേസ് ഫയല്‍ ചെയ്തത്.
ഡിജിറ്റല്‍ മീഡിയയില്‍ നിലവില്‍ അനുവദിക്കപ്പെട്ട 26 ശതമാനം വിദേശനിക്ഷേപ പരിധി പാലിച്ചില്ല, ലാഭം വഴിതിരിച്ചുവിട്ടു, വിലനിര്‍ണ്ണയ നിയമങ്ങള്‍ പാലിച്ചില്ല തുടങ്ങിയ കുറ്റങ്ങള്‍ ബിബിസി ഇന്ത്യ ചെയ്തതായാണ് ഇഡി കുറ്റപ്പെടുത്തുന്നു. എന്നാല്‍ ഉത്തരവുകള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ബിബിസി ഇന്ത്യ വ്യക്തമാക്കുന്നു. ‘ ഞങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന അതതു രാജ്യങ്ങളുടെ നിയമങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കാന്‍ ബിബിസി പ്രതിജ്ഞാബദ്ധമാണ്. പക്ഷേ, ബിബിസി വേള്‍ഡ് സര്‍വീസ് ഇന്ത്യയ്‌ക്കോ അതിന്റെ ഡയറക്ടര്‍മാര്‍ക്കോ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് ഒരു വിധിനിര്‍ണ്ണയ ഉത്തരവും ലഭിച്ചിട്ടില്ലെന്ന്’ ബിബിസി ഇന്ത്യ പ്രതിനിധി പറഞ്ഞു.
‘ ഉത്തരവ് ലഭിച്ചാല്‍ അത് ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യും, ഉചിതമായ അടുത്ത നടപടികള്‍ പരിഗണിക്കുകയും ചെയ്യും’ ബിബിസി വക്താവ് പറഞ്ഞു.
2023 ജനുവരി 17 ന് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റര്‍ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന പേരില്‍ 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. ഇതിന് ശേഷമാണ് നികുതി വകുപ്പിന്റെ നടപടി ഉണ്ടായത്. ജനുവരി 20 ന്, ഡോക്യുമെന്ററി പങ്കിടുന്ന ലിങ്കുകള്‍ നീക്കം ചെയ്യാന്‍ കേന്ദ്രം യൂട്യൂബിനോടും ട്വിറ്ററിനോടും ഉത്തരവിട്ടു, അത് ‘ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും ദുര്‍ബലപ്പെടുത്തുന്നതായി’ കേന്ദ്രം ആരോപിച്ചു. ഇന്ത്യയിലെ നിയമലംഘനങ്ങള്‍ക്ക് ബി.ബി.സി. ഡബ്ല്യു.എസ്. ഇന്ത്യയ്ക്കും അതിന്റെ മൂന്ന് ഡയറക്ടര്‍മാര്‍ക്കും ഫിനാന്‍സ് മേധാവിക്കും 2023 ഓഗസ്റ്റ് 4 ന് ഷോകോസ് നോട്ടീസ് നല്‍കി. ഇതിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത് .
‘ബി.ബി.സി. ഡബ്ല്യു.എസ്. ഇന്ത്യയ്ക്ക് 3,44,48,850 രൂപ പിഴ ചുമത്തിയതിന് പുറമേ, 2021 ഒക്ടോബര്‍ 15 മുതല്‍ നിയമം പാലിച്ച തീയതി വരെ ഓരോ ദിവസത്തിനും 5,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൂടാതെ, മൂന്ന് ഡയറക്ടര്‍മാരായ ഗൈല്‍സ് ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് എന്നിവര്‍ക്ക് 1,14,82,950 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.’ ഇ ഡി വൃത്തങ്ങള്‍ അറിയിച്ചു.
ഡിജിറ്റല്‍ മീഡിയയ്ക്ക് 26 ശതമാനം എഫ്ഡിഐ പരിധി നിശ്ചയിച്ചുകൊണ്ട് 2019 സെപ്റ്റംബര്‍ 18 നാണ് നിയമം പ്രാബല്യത്തില്‍ വന്നത്. ഡിജിറ്റല്‍ മീഡിയ വിഭാഗത്തില്‍ 100 ശതമാനം എഫ്ഡിഐ കമ്പനിയായ ബിബിസി വേള്‍ഡ് സര്‍വ്വീസ് ഇന്ത്യ, അവരുടെ എഫ്ഡിഐ 26 ശതമാനമായി കുറയ്ക്കാന്‍ തയ്യാറായില്ല, ഇത് സര്‍ക്കാര്‍ നിയന്ത്രണങ്ങളുടെ കടുത്ത ലംഘനമാണിതെന്നും ഇഡി വിലയിരുത്തുന്നു.