കൊവിഡിനെതിരെ ‘ചാണക’ ചികിത്സ ; അശാസ്ത്രീയമെന്ന് ആരോഗ്യവിദഗ്ധർ , രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പ്

 

അഹമ്മദാബാദ്: കൊവിഡിനെ പ്രതിരോധിക്കുമെന്ന തെറ്റിദ്ധാരണയില്‍ ചാണകം ഉപയോഗിച്ച് ചികിത്സ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അശാസ്ത്രീയമാണെന്നും  ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ചാണകത്തിന് കൊവിഡിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നും ചാണകം ഉപയോഗിക്കുന്നത് മറ്റ് രോഗങ്ങള്‍ വരാന്‍ ഇടയാക്കുമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു.

ഗോമൂത്രവും ചാണകവും മരുന്നായി ഉപയോഗിച്ച് കൊവിഡ് ചികിത്സ നടത്തുന്ന വാർത്തകള്‍ നേരത്തെ ഗുജറാത്തില്‍ നിന്നുള്‍പ്പെടെ പുറത്തുവന്നിരുന്നു. ഗുജറാത്തിലെ അതിർത്തി ഗ്രാമമായ ദീശ താലൂക്കിലെ തെടോഡ ഗ്രാമത്തിലാണ്​ ഗോശാല ആശുപത്രി. അലോപ്പതി മരുന്നുകൾക്ക്​ പകരം പശുവിന്‍ പാലിൽനിന്ന്​ ഉൽപ്പാദിപ്പിച്ച നെയ്യും മറ്റു വസ്​തുക്കളുമാണ്​ രോഗികൾക്ക്​ ഇവിടെ നല്‍കുന്നത്. വേദലക്ഷണ പഞ്ചഗവ്യ ആയുർവേദ്​ കൊവിഡ്​ ഐസൊലേഷൻ സെന്‍ററെന്നാണ്​ ‘ആശുപത്രിയുടെ’ പേര്. 40 ബെഡുകൾക്ക്​ ചുറ്റും പുല്ല്​ നട്ടുവളർത്തിയിട്ടുണ്ട്​. പശുക്കൾക്ക്​ തീറ്റയായി വളർത്തിയിരിക്കുന്നതാണ്​ പുല്ലുകൾ. കൂടാതെ സ്​ഥലത്ത്​ തണുപ്പ്​ നിൽക്കാനും ഇവ സഹായിക്കുമെന്നാണ്​ വാദം. ഹാളിൽ ഫാനും എയർകൂളറും സ്​ഥാപിച്ചിട്ടുണ്ടെന്നും നാഷനൽ ഹെറാൾഡ്​ റി​​പ്പോർട്ട്​ ചെയ്​തു​.

പശുവിന്‍റെ പാലിൽനിന്നും മൂത്രത്തിൽനിന്നും ചാണകത്തിൽനിന്നും നിർമിക്കുന്ന പഞ്ചഗവ്യ കിറ്റ്​ രോഗികൾക്ക്​ നൽകും. അടിയന്തര സാഹചര്യം നേരിടാനായി ഓക്​സിജൻ സിലിണ്ടറും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്​. പഞ്ചഗവ്യ ആയുർ​വേദ ചികിത്സയിൽ പശു മൂത്രത്തിൽനിന്ന്​ നിർമിക്കുന്ന നീരാവി ശ്വസിക്കാൻ നൽകും. കൂടാതെ ചാണക വരളികൊണ്ട്​ രോഗികളെ മൂടുകയും ചെയ്യും. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളുമാണ്​ ഭക്ഷണം.

Comments (0)
Add Comment