ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവ്

Jaihind Webdesk
Wednesday, May 22, 2019

മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടറെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവ്. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് സംഭവത്തിൽ ആരോപണ വിധേയനായ ഡോക്ടറെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് സൂപ്രണ്ടിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് മൂക്കിലെ ദശമാറ്റാൻ ശസ്ത്രക്രിയയ്ക്ക് എത്തിയ ഏഴുവയസ്സുകാരന് ഹെർണിയക്കുള്ള ശസ്ത്രക്രിയ നടത്തിയത്.

കരുവാരക്കുണ്ടിൽ മജീദിന്‍റെ മകൻ മുഹമ്മദ് ഡാനിഷിനെയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആളുമാറി ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയത്. മണ്ണാർക്കാട് ഉണ്ണിക്കൃഷ്ണന്‍റെ മകൻ ധനുഷിനാണ് ഹെർണിയയ്ക്ക് ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് ഇരുവരെയും ഓപ്പറേഷൻ തിയേറ്ററിൽ പ്രവേശിപ്പിച്ചത്.

ഇഎൻടി ഡോക്ടർമാർ ശസ്ത്രക്രിയ ചെയ്യാനായി ഡാനിഷിനെ തിരക്കിയപ്പോഴാണ് ആളുമാറിയ വിവരം അറിഞ്ഞത്. അബദ്ധം മനസ്സിലാക്കിയതോടെ പത്തരയോടെ തിയേറ്ററിനു പുറത്തേക്ക് കുട്ടിയെ എത്തിച്ചു. അപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയ നടത്തിയത് രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. മാതാപിതാക്കൾ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് വരുന്നത്.

യാതൊരു പരിശോധനയും നടത്താതെ രക്ഷിതാവിന്‍റെ സമ്മതംപോലുമില്ലാതെ ശസ്ത്രക്രിയ നടത്തിയതിൽ കുട്ടിയുടെ ബന്ധുക്കൾ പ്രതിഷേധിച്ചിരുന്നു. പിന്നീട് വീണ്ടും തിയേറ്ററിലേക്ക് കയറ്റുകയും കുട്ടിയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തുകയും ചെയ്തു. രണ്ട് ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിൽ തുടരുന്ന കുട്ടിയുടെ നില തൃപ്തികരമാണ്.