യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യ; പണമാണ് തനിക്ക് വലുതെന്ന് റുവൈസ് പറഞ്ഞു, ആരോപണവുമായി ഷഹനയുടെ സഹോദരന്‍

Jaihind Webdesk
Thursday, December 7, 2023

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ കസ്റ്റഡിയിലായ ആണ്‍സുഹൃത്ത് ഡോ. റുവൈസിനെതിരെ ആരോപണങ്ങളുമായി ഷഹനയുടെ കുടുംബാംഗങ്ങള്‍. സ്ത്രീധനത്തിനായി സമ്മര്‍ദം ചെലുത്തിയത് റുവൈസ് ആണെന്ന് ഡോ. ഷഹനയുടെ സഹോദരന്‍ ജാസിം നാസ് ആരോപിച്ചു. കഴിയുന്നത്ര നൽകാമെന്ന് സമ്മതിച്ചെങ്കിലും റുവൈസ് വഴങ്ങിയില്ലെന്നും ജാസിം നാസ് പറഞ്ഞു. സ്ത്രീധനം കൂടുതൽ ചോദിച്ചത് പിതാവാണെന്നും പിതാവിനെ ധിക്കരിക്കാൻ ആവില്ലെന്ന് റുവൈസ് പറഞ്ഞിരുന്നതായും ജാസിം നാസ് പറഞ്ഞു. പണമാണ് തനിക്ക് വലുതെന്നാണ് റുവൈസ് ഷഹനയോട് പറഞ്ഞത്. ഷഹനക്ക് റുവൈസിനെ ഒരുപാട് ഇഷ്ടമായിരുന്നു. റുവൈസ് തയാറായിരുന്നെങ്കിൽ രജിസ്റ്റർ വിവാഹം നടത്തി കൊടുക്കുമായിരുന്നു. പക്ഷെ അതിനും റുവൈസ് തയാറായില്ലെന്നും സഹോദരന്‍ ജാസിം നാസ് പറഞ്ഞു.

ഷഹനയുടെ ആത്മഹത്യയിൽ ഇന്ന് രാവിലെയാണ് ആണ്‍സുഹൃത്തായ ഡോ. റുവൈസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഡോ. റുവൈസിന്‍റെ ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കുമെന്ന് പോലീസ് വ്യക്തമാക്കി. റുവൈസിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു. ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും ചാറ്റുകളും മെസേജുകളും ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണുള്ളതെന്ന് പോലീസ് പറഞ്ഞു. ഈ സാഹചര്യത്തിലാണ് റുവൈസിന്‍റെ ഫോണിലെ വാട്സ് ആപ്പ് ചാറ്റ് ഉള്‍പ്പെടെയുള്ളവയില്‍ വിശദമായ പരിശോധനക്കായി ഫോണ്‍ സൈബര്‍ പരിശോധനക്ക് നല്‍കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയാണ് പോലീസ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് റുവൈസ്. നേരത്തെ റുവൈസിനായി ഹോസ്റ്റലിലും ബന്ധു വീടുകളിലും അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തത്. ഡോ. ഷഹനയെ വിവാഹം കഴിക്കാമെന്ന് റുവൈസ് വാഗ്ദാനം ചെയ്തിരുന്നു. തുടർന്ന് സ്ത്രീധനം കിട്ടില്ലെന്ന് വന്നതോടെ വിവാഹത്തിൽ നിന്ന് ഡോ. റുവൈസ് പിന്മാറിയെന്നും ഇതാണ് ഷഹന ജീവനൊടുക്കാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ റുവൈസ് ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്നായിരുന്നു പോലീസിന് ലഭിച്ച വിവരം.