യുവ ഡോക്ടറുടെ ആത്മഹത്യ; റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്, കസ്റ്റഡിൽ വാങ്ങാൻ പോലീസ്

Jaihind Webdesk
Friday, December 8, 2023

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ ആത്മഹത്യയിൽ സുഹൃത്തായ ഡോക്ടർ റുവൈസിനെതിരായ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയുടെ മരണകാരണമെന്നാണ് പോലീസിന്‍റെ കണ്ടെത്തൽ. വിവാഹത്തിന് സ്ത്രീധനം ചോദിച്ച് റുവൈസ് തന്നെ വഞ്ചിച്ചെന്നാണ് ഷഹനയുടെ ആത്മഹത്യ കുറിപ്പ്. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിന്‍റെ വക്താവാണ് ഡോ. റുവൈസെന്നാണ് പോലീസിന്‍റെ റിമാൻഡ് റിപ്പോർട്ട് പറയുന്നത്.

ഒ പി ടിക്കറ്റിന്‍റെ പുറകിലാണ് ഷഹന റുവൈസിനെക്കുറിച്ച് എഴുതിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഒന്നര കിലോ സ്വർണ്ണവും ഏക്കർകണക്കിന് ഭൂമിയും ആവശ്യപ്പെട്ടാൽ നൽകാൻ തനിക്കില്ലെന്നാണ് ഒ പി ടിക്കറ്റിൽ ഡോ. ഷഹന എഴുതിയ ആത്മഹത്യ കുറിപ്പ്. കത്തിൽ റുവൈസിന്‍റെ പേരുണ്ടെന്നും ഷഹനയുടെ കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തിലുമാണ് റുവെെസിനെ അറസ്റ്റ് ചെയ്തതെന്നുമാണ് പൊലീസ് പറയുന്നത്.

ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ പുല‍ർച്ചയോടെ കൊല്ലത്തെ വീട്ടിൽ നിന്നാണ് റുവൈസിനെ പിടികൂടിയത്. അതേസമയം റുവൈസിനെ കസ്റ്റഡിൽ വാങ്ങാൻ ഇന്ന് കോടതിയിൽ അപേക്ഷ നൽകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വാങ്ങാനാണ് അപേക്ഷ സമർപ്പിക്കുക. കേസിന്‍റെ കുറ്റപത്രം സമയബന്ധിതമായി നൽകാനാണ് പോലീസിന്‍റെ തീരുമാനം. ഇതിനായി തെളിവെടുപ്പുകള്‍ക്കായാണ് റൂവൈസിനെ കസ്റ്റഡിയിൽ വാങ്ങുന്നത്.