യുവ ഡോക്ടറുടെ മരണം; ആരോപണവിധേയനായ ഭാരവാഹിയെ നീക്കി പിജി ഡോക്ടർമാരുടെ സംഘടന

Jaihind Webdesk
Wednesday, December 6, 2023

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ ആരോപണവിധേയനായ ഭാരവാഹിയെ സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടർമാരുടെ സംഘടന.  സ്ത്രീധനം ചോദിക്കുന്നതും നൽകുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. അന്വേഷണം പൂർത്തിയാകുന്നത് വരെ മുൻവിധികൾ ഒഴിവാക്കണമെന്നും കെഎംപിജിഎ പുറത്തിറക്കിയ കുറിപ്പിൽ നിർദ്ദേശിച്ചു. ഡോക്ടർ ഷഹനയ്ക്ക് ഒപ്പമാണ് സംഘടനയെന്നും എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർഥികൾ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാർത്താക്കുറിപ്പിൽ സംഘടനാ ഭാരവാഹികൾ അറിയിച്ചു.

സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹ വാഗ്ദാനത്തിൽ നിന്നും സുഹൃത്തായ ഡോക്ടർ പിന്മാറിയതാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. വൻ തുക സ്ത്രീധനമായി ആവശ്യപ്പെട്ടതാണ് മരണ കാരണമെന്നാണ് ബന്ധുക്കൾ പറഞ്ഞത്. ഷഹനയുടെ സുഹൃത്തായ ഡോക്ടറെ അടക്കം ചോദ്യം ചെയ്യാനാണ് പോലീസിന്‍റെ തീരുമാനം. ആത്മഹത്യകുറിപ്പിൽ സങ്കടങ്ങളെല്ലാം എഴുതിയാണ് ഡോക്ടർ ഷഹന ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിൽ പിജി ചെയ്യുകയായിരുന്നു ഷഹന. കഴിഞ്ഞദിവസമാണ് ഷഹനയെ മരിച്ച നിലയിൽ ഫ്ലാറ്റിൽ കണ്ടെത്തിയത്. അനസ്തേഷ്യക്കുള്ള മരുന്ന് കുത്തിവെച്ചായിരുന്നു ഷഹന ആത്മഹത്യ ചെയ്തത്. സുഹൃത്തും പിജി ഡോക്ടർമാരുടെ സംഘടനാ പ്രതിനിധിയുമായ ഡോക്ടറുമായി ഷഹന അടുപ്പത്തിലായിരുന്നു. ഇരുവരുടെയും വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചിരുന്നു. ഇതിനിടെ വരന്‍റെ വീട്ടുകാർ വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടെന്നാണ് ഷഹനയുടെ ബന്ധുക്കൾ പറയുന്നത്. തുടർന്ന് വിവാഹം മുടങ്ങി. ഇത് ഷഹനയെ മാനസികമായ തകർത്തെന്നാണ് മൊഴി. ആത്മഹത്യാ കുറിപ്പിൽ ആരുടേയും പേര് പറഞ്ഞിട്ടില്ല. അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.