ഡു നോട്ട് ഓപ്പൺ ഇഫ് യു ആർ നോട്ട് 18 പ്ലസ്…

Jaihind Webdesk
Wednesday, April 24, 2019

സമ്മതിദാന അവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് പുറത്തിറക്കിയ പരസ്യം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ ആകർഷിക്കുന്നു. ‘ഡു നോട്ട് ഓപ്പൺ ഇഫ് യു ആർ നോട്ട് 18 പ്ലസ്’ എന്ന ടൈറ്റിലിലാണ് പരസ്യം റിലീസ് ചെയ്തിരിക്കുന്നത്. പനാഡൻ ആഡ് മീഡിയയുടെ ബാനറിൽ ലിജോ പനാഡനാണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്.

രാജ്യത്തെ നയിക്കേണ്ട ശരിയായ വ്യക്തിയെ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കണമെന്ന സന്ദേശവുമായി ജനക്കൂട്ടത്തിനിടയിൽ നിൽക്കുന്ന ഒരു കൂട്ടം വിദ്യാർത്ഥികളിൽ നിന്നാണ് പരസ്യം ആരംഭിക്കുന്നത്.

വോട്ടവകാശം വിനിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടീസ് അവർ ആളുകൾക്കിടയിൽ വിതരണം ചെയ്യുകയാണ്. എന്നാൽ, നോട്ടീസ് വാങ്ങുന്നവർ വായിക്കാതെ അത് ചവറ്റുകുട്ടയിൽ ചുരുട്ടി എറിയുന്നു. ഇതുകണ്ട് നിരാശനായ വിദ്യാർത്ഥികളിൽ ഒരാൾ നോട്ടീസിന് പുറത്ത് ‘ഡു നോട്ട് ഓപ്പൺ ഇഫ് യു ആർ 18 പ്ലസ്’ എന്ന് എഴുതി നൽകുന്നതോടെ ആളുകൾ അത് വായിക്കാൻ ആരംഭിക്കുന്നതാണ് പരസ്യം.

കോഴിക്കോട് മിഠായിത്തെരുവിൽ ചിത്രീകരിച്ച പരസ്യം ഷഹനാസ് എൻഎ ക്യാമറയും അജയ് ജോസഫ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്നു. ഗന്ധർവാസ് ബാൻഡ് ഹരിഷങ്കർ വി ആണ് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.