‘അനുവിന്‍റെ രക്തസാക്ഷിത്വം വെറുതെയാവില്ല, ഏകാധിപതികളെ നിലയ്ക്ക് നിർത്തിയ ചരിത്രം ഈ നാടിനുണ്ടെന്നത് മറക്കരുത്’ : കെ സുധാകരൻ എം.പി

Jaihind News Bureau
Sunday, August 30, 2020

 

പി.എസ്.സിയുടെയും സംസ്ഥാന സർക്കാരിന്‍റെയും നിലപാടില്‍ മനംനൊന്ത് ജീവനൊടുക്കിയ അനുവിന്‍റെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്ന് കെ സുധാകരന്‍ എം.പി. ഇടതുപക്ഷ ഭീകരതയുടെ ഇരയാണ് അനുവെന്നും വല്ലാതെ നൊമ്പരപ്പെടുത്തുന്ന വാർത്തയാണിതെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ ശരിപ്പെടുത്തുമെന്ന് പറയുന്ന പി.എസ്.സി അധുകൃതർ പിണറായിക്ക് പഠിക്കുകയാണോയെന്നും കെ സുധാകരന്‍ ചോദിക്കുന്നു.

അധികാരത്തിന്റെ ധാർഷ്ട്യം കാണിച്ചുകൊണ്ട് യുവജനങ്ങൾക്കെതിരെ വാളുയർത്തിയാൽ ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. ഇതിനേക്കാൾ വലിയ ഏകാധിപതികളെ നിലയ്ക്ക് നിറുത്തിയ ചരിത്രം ഈ നാടിനുണ്ടെന്നത് മറന്നുപോകരുത്. അനുവിന്‍റെ ദുരന്തം ഇനിയും ഈ പ്രബുദ്ധ കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ. അനുവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ഇടതുപക്ഷ സർക്കാരിന്‍റെയും പി.എസ്.സിയുടെയും കൊള്ളരുതായ്മയ്‌ക്കെതിരെ ജീവത്യാഗം ചെയ്ത അനുവിന്‍റെ രക്തസാക്ഷിത്വം വെറുതെയാവില്ല. അനുവിന്‍റെ ജ്വലിക്കുന്ന ഓർമ്മകൾ കേരളത്തിലെ യുവജനങ്ങൾ എന്നും നെഞ്ചിലേറ്റുമെന്നും കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കെ സുധാകരന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം :

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നാടും നഗരവും നിശബ്ദമായി ഓണം ആഘോഷിക്കുന്ന ഈ വേളയിൽ തിരുവനന്തപുരത്തെ കാരക്കോണത്തെ പ്രിയ സഹോദരൻ അനുവിന്‍റെ വിയോഗവാർത്ത എന്നെ വല്ലാതെ നൊമ്പരപ്പെടുത്തുകയും, അലട്ടുകയും ചെയ്യുന്നു. ഇടതുപക്ഷ ഭരണകൂട ഭീകരതയുടെ ഇരയാണ് ആ പാവപ്പെട്ട സഹോദരൻ. പി.എസ്.സി അധികൃതരുടെ ക്രൂര വിനോദത്തിൽ മനം നൊന്താണ് ആ കൊച്ചു സഹോദരൻ തന്‍റെ ജീവിതം അവസാനിപ്പിക്കേണ്ടിവന്നതെന്ന്  മാധ്യമങ്ങൾ രാവിലെ മുതലേ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്.
എന്തു പറ്റി നമ്മുടെ പി.എസ്.സിക്ക്? കുറേ നാളുകളായി പി.എസ്.സിയുടെ ഏകാധിപത്യ പ്രവണതയിൽ ആശങ്കാകുലരാണ് ഇവിടുത്തെ യുവജനങ്ങൾ.

പി.എസ്.സി യുടെ തെറ്റ് ചൂണ്ടിക്കാണിക്കുന്നവരെ  ശരിപ്പെടുത്തിക്കളയുമെന്നാണ് അധികൃതർ പറയുന്നത്. ആരോപണമുന്നയിക്കുന്നവരെ തൂക്കിലേറ്റാൻ ഇവിടെ രാജഭരണമല്ലെന്ന് പി.എസ്.സി അധികൃതർ ഇനിയെങ്കിലും മനസ്സിലാക്കണം. അതല്ല, പി.എസ്.സി.ചെയർമാൻ പിണറായിക്ക് പഠിക്കുകയാണെങ്കിൽ അതു പറയണം.
ഒഴിവുണ്ടായിട്ടും കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തുന്നില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ പരാതി ഉന്നയിച്ചവർക്കെതിരെയാണ് പി.എസ്.സി യുടെ ഭീഷണി . ഭരണഘടനാ പദവിയുണ്ടെന്ന് കരുതി പാവപ്പെട്ട തൊഴിൽ രഹിതർക്കു നേരെ കുതിരകയറുന്നത് എക്കാലവും ഈ ജനാധിപത്യ സമൂഹം നോക്കി നിന്നെന്നു വരില്ല.
കുറച്ചു കാലമായി എങ്ങനെ ദുഷ്പേര്  സമ്പാദിക്കാം എന്നതിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന സ്ഥാപനമാണ് പി.എസ്.സി. ഏതെങ്കിലും ഒരു റാങ്ക് ലിസ്റ്റിൽ നിന്ന് കൃത്യമായി നിയമനം നടക്കുന്നുണ്ടോ? എസ്.എഫ്. ഐ  നേതാക്കൾക്ക് കോപ്പിയടിക്കാൻ അവസരമുണ്ടാക്കിക്കൊടുത്തത് പിടിക്കപ്പെട്ടപ്പോൾ സായുധ പൊലീസിലേക്കുള്ള റാങ്ക് ലിസ്റ്റ് മരവിപ്പിച്ചില്ലേ? നൂറു കണക്കിന് ചെറുപ്പക്കാരുടെ പ്രതീക്ഷയ്ക്ക് മുമ്പിലാണ് പി.എസ്.സി.അധികൃതർ വാതിൽ കൊട്ടിയടച്ചത്. ആ റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് ഞാനടക്കമുള്ളവർ ആവശ്യപ്പെട്ടിട്ടും പി.എസ്.സി. അതിന് തയാറായിട്ടില്ല.  കഷ്ടപ്പെട്ട് പരീക്ഷയെഴുതി  റാങ്ക് ലിസ്റ്റിൽ പേര് വന്ന്  വർഷങ്ങളോളം കാത്തിരുന്ന് തങ്ങൾ പറ്റിക്കപ്പെടുകയാണെന്ന് മനസിലാകുമ്പോൾ ആരും പ്രതികരിച്ചു പോകും. നിലവിലെ മുല്യച്ചുതിക്കെതിരെ പ്രതികരിക്കുകയെന്നത് ഒരു ഉത്തമ പൗരന്റെ അവകാശവും കടമയുമാണ്. അതിനെ അവഹേളനമായി കാണരുത്.

ആരോപണം ഉന്നയിച്ച് സൽപ്പേര് കളങ്കപ്പെടുത്തിയെന്നാണ് പറയുന്നത്. സൽപ്പേരുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു പി.എസ്.സിക്ക്. അത് കൈമോശം വന്നോയെന്ന് പരിശോധിക്കുന്നത് ഇനിയെങ്കിലും നല്ലതായിരിക്കും. പല വകുപ്പുകളിലും നിയമനം നടത്താതെ ഉദ്യോഗസ്ഥരുടെയും ഭരണക്കാരുടെയും സ്വന്തക്കാരെ തിരുകിക്കയറ്റാനുള്ള അവസരമുണ്ടാക്കിക്കൊടുക്കുന്നതിലാണോ സൽപ്പേര് ?

ധിക്കാരം കൈമുതലാക്കിയ ചെയർമാനാണ് ഇപ്പോൾ പി. എസ്. സിയെ നയിക്കുന്നത്. ഇത് കേരളത്തിന് അപമാനമാണ്. ഭരണഘടനാ സ്ഥാപനത്തിന്‍റെ തലപ്പത്തിരിക്കുമ്പോൾ പക്വതയും സഹിഷ്ണുതയും വിവേകവും നിശ്ചയമായും നമ്മുടെ സമൂഹം പ്രതീക്ഷിക്കും. ഈ നാടിന്റെ യുവജനതയുടെ ആശയും, പ്രതീക്ഷയും, ഏക അത്താണിയുമാണ് പി. എസ്. സി. അതുകൊണ്ടുതന്നെ നാടിന്‍റെ യുവജനങ്ങൾക്കു വേണ്ടി ബക്കറ്റിലല്ല, സ്വർണ്ണത്തളികയിൽ ഒഴിവുകൾ കൊണ്ടു വരേണ്ടി വരും. യുവാക്കളുടെ ഭാവിയെ ആശങ്കയുടെ മുൾമുനയിൽ നിറുത്തുന്ന പ്രസ്താവനകളും നടപടികളും പി. എസ്. സി ചെയർമാന്‍റെ ഭാഗത്തുനിന്ന് വന്നുകൂടാ.

അധികാരത്തിന്‍റെ ധാർഷ്ട്യം കാണിച്ചുകൊണ്ട് യുവജനങ്ങൾ ക്കെതിരെ വാളുയർത്തിയാൽ ഇന്നല്ലെങ്കിൽ നാളെ മറുപടി പറയേണ്ടി വരും. ഇതിനേക്കാൾ വലിയ ഏകാധിപതികളെ നിലയ്ക്ക് നിറുത്തിയ ചരിത്രം ഈ നാടിനുണ്ട്. അതാരും മറക്കരുത്.
നമ്മുടെ കൊച്ചനുജൻ അനുവിന്‍റെ ദുരന്തം ഇനിയും ഈ പ്രബുദ്ധ കേരളത്തിൽ ആവർത്തിക്കാതിരിക്കട്ടെ. അനുവിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ അഗാധ ദുഃഖത്തോടൊപ്പം ഞാനും പങ്കുചേരുന്നു. ഇടതുപക്ഷ സർക്കാരിന്‍റെയും, പി. എസ്. സിയുടെയും കൊള്ളരുതായ്മയ്‌ക്കെതിരെ ജീവത്യാഗം ചെയ്ത അനുവിന്‍റെ രക്തസാക്ഷിത്വം വെറുതെയാവില്ല. അനുവിന്‍റെ ജ്വലിക്കുന്ന ഓർമ്മകൾ കേരളത്തിലെ യുവജനങ്ങൾ എന്നും നെഞ്ചിലേറ്റും.

https://www.facebook.com/ksudhakaraninc/posts/3270885552993681