MUMBAI| മുംബൈയില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കരുത്; വിവാദമായി ഹൈക്കോടതി ഉത്തരവ്

Jaihind News Bureau
Tuesday, August 5, 2025

വര്‍ഷങ്ങളായി മുംബൈ നഗരത്തിന്റെ ഒരു പ്രധാന ഭാഗമാണ് പ്രാവുകള്‍. റെയില്‍വേ സ്റ്റേഷനുകള്‍, ഗേറ്റ്വേ ഓഫ് ഇന്ത്യ, കബൂതര്‍ഖാനകള്‍ എന്നിവിടങ്ങളില്‍ ഇവയെ സാധാരണയായി കാണാം. എന്നാല്‍, അടുത്തിടെ ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഒരു ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. പൊതുസ്ഥലങ്ങളില്‍ പ്രാവുകള്‍ക്ക് തീറ്റ നല്‍കുന്നത് തടയാന്‍ മുംബൈ നഗരസഭയോട് (ബിഎംസി) കോടതി നിര്‍ദ്ദേശിച്ചു.

ജൂലൈ 31-ന് ബോംബെ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവാണ് വിവാദങ്ങള്‍ക്ക് കാരണം. മുംബൈയില്‍ പ്രാവുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്കും, പൈതൃക സ്ഥലങ്ങള്‍ക്ക് പ്രാവുകളുടെ കാഷ്ഠം മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. നിരോധനം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ബിഎംസിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

കോടതിയുടെ ഈ ഉത്തരവിനെതിരെ മൃഗസ്നേഹികളും മുംബൈയിലെ പ്രബലരായ ഗുജറാത്തി, ജൈന സമൂഹങ്ങളും രംഗത്തെത്തി. പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒരു പുണ്യപ്രവര്‍ത്തിയായി കാണുന്ന ഈ സമൂഹങ്ങള്‍, ഇത് തങ്ങളുടെ മതപരമായ ആചാരമാണെന്ന് വാദിക്കുന്നു. പല കബൂതര്‍ഖാനകളും അടച്ചുപൂട്ടിയതിനെ തുടര്‍ന്ന് ജൈന സമൂഹത്തിന്റെ നേതൃത്വത്തില്‍ കൊളാബ മുതല്‍ ഗേറ്റ്വേ ഓഫ് ഇന്ത്യ വരെ വലിയ പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇതിനിടെ, പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് പുനരാരംഭിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ നിരാഹാരം അനുഷ്ഠിക്കുമെന്ന് ഒരു ജൈന സന്യാസി പ്രഖ്യാപിക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി നൂറുകണക്കിന് പ്രാവുകള്‍ പട്ടിണി കിടന്ന് ചത്തെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

പ്രാവുകള്‍ക്ക് ഭക്ഷണം നല്‍കുന്നത് നിരുപദ്രവകരമായി തോന്നാമെങ്കിലും, ഇതിന് ആരോഗ്യപരമായും പാരിസ്ഥിതികമായും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. പ്രാവുകളുടെ കാഷ്ഠത്തിലും തൂവലുകളിലും കാണപ്പെടുന്ന രോഗാണുക്കള്‍ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി ന്യൂമോണൈറ്റിസ് പോലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകും. കൂടാതെ, ക്രിപ്‌റ്റോകോക്കോസിസ് എന്ന ഗുരുതരമായ നാഡീരോഗത്തിനും ഇത് വഴിയൊരുക്കും. പ്രാവിന്‍ കാഷ്ഠത്തിലെ ഉയര്‍ന്ന അസിഡിറ്റി ചരിത്ര സ്മാരകങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങളുണ്ടാക്കും. ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസ് ഇതിന് ഒരു ഉദാഹരണമാണ്. ബസ് സ്റ്റോപ്പുകളിലും മറ്റും ഇവയുണ്ടാക്കുന്ന ശല്യത്തെക്കുറിച്ചും ദുര്‍ഗന്ധത്തെക്കുറിച്ചും ആളുകള്‍ നിരന്തരം പരാതിപ്പെടുന്നുണ്ട്.