സബർമതി ആശ്രമത്തെ പൊളിക്കാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രം പിന്മാറണം ; സന്ദർശകർ എത്തുന്നത് ഗാന്ധിജിയുടെ ലളിത ജീവിതം അറിയാന്‍ : അശോക് ഗെഹ്‌ലോത്

Jaihind Webdesk
Monday, August 9, 2021


ജയ്പുര്‍ : കേന്ദ്ര സര്‍ക്കാരിന്‍റെ  സബര്‍മതി ആശ്രമ നവീകരണ പദ്ധതിയെ എതിര്‍ത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്. അഹമ്മദാബാദിലെ സബര്‍മതി തീരത്തുള്ള ആശ്രമം പൊളിച്ച് മ്യൂസിയം പണിയാനുള്ള ഗുജറാത്ത് സര്‍ക്കാരിന്‍റെ തീരുമാനം ഞെട്ടലുണ്ടാക്കുന്നുവെന്നും ഈ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

1917 മുതല്‍ 1930വരെ 13 വര്‍ഷക്കാലം ഗാന്ധിജി ജീവിച്ച ആശ്രമമാണത്. അവിടെ സന്ദര്‍ശകര്‍ എത്തുന്നത് ഗാന്ധിജി എങ്ങനെയാണ് ലളിത ജീവിതം നയിച്ചതെന്ന് മനസ്സിലാക്കാനാണ്. സാഹോദര്യത്തിന്റേയും ലാളിത്യത്തിന്റേയും പ്രതീകമായ മണ്ണില്‍ ലോകോത്തര നിലവാരമുള്ള കെട്ടിടങ്ങള്‍ കാണാനല്ല സന്ദര്‍ശകര്‍ ആഗ്രഹിക്കുന്നത്.
ആശ്രമം പുതുക്കിപ്പണിയാനുള്ള തീരുമാനം രാഷ്ട്രപിതാവിനോടുള്ള അനാദരവാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതെല്ലാം മാറ്റാനുള്ള ശ്രമം രാഷ്ട്രീയ പ്രേരിതമാണെന്നും ഗെഹ്‌ലോത് വിമര്‍ശിച്ചു

സബര്‍മതി ആശ്രമ നവീകരണത്തിനായി 1,200 കോടി രൂപയുടെ പദ്ധതിയാണ് ഗുജറാത്ത് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യത്തിന്റെ പൈതൃകവും പാരമ്പര്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വരും തലമുറ മാപ്പു തരില്ലെന്നും പദ്ധതിയെക്കുറിച്ച് പുനരാലോചിക്കാന്‍ നരേന്ദ്രമോദി തയ്യാറാവണമെന്നും ഗെഹ്‌ലോത് ട്വിറ്ററില്‍ കുറിച്ചു. ആശ്രമം വികസിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ നേരത്തേയും നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു.