‘മുസ്‌ലീങ്ങള്‍ എന്‍റെ സഹോദരങ്ങള്‍, ഇന്ത്യയില്‍ ഞങ്ങള്‍ ഒന്നിച്ച് ജീവിക്കും’ ; തേജസ്വിയുടെ വർഗീയ പരാമർശത്തിനെതിരെ ഡി.കെ ശിവകുമാർ

Jaihind Webdesk
Sunday, May 9, 2021

ബംഗളുരു : കൊവിഡിനെതിരെ ഒരേ മനസോടെ പോരാടേണ്ട സാഹചര്യത്തില്‍ പോലും വർഗീയത ചികഞ്ഞ് വിദ്വേഷം പടർത്താന്‍ ശ്രമിച്ച യുവമോർച്ച നേതാവ് തേജസ്വി സൂര്യക്കെതിരെ കർണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഡി.കെ ശിവകുമാർ. കൊവിഡ് രോഗികളുടെ കിടക്കകള്‍ ബുക്ക് ചെയ്യുന്നത് സംബന്ധിച്ച തേജസ്വി സൂര്യയുടെ വര്‍ഗീയച്ചുവയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെയാണ് രൂക്ഷ വിമർശനവുമായി ഡി.കെ രംഗത്തെത്തിയത്.

കൊവിഡ് വാര്‍ റൂമിലെ 205 ജീവനക്കാരുടെ പേരുകളില്‍നിന്ന് 17 മുസ്‌ലിം പേരുകള്‍ മാത്രം തെരഞ്ഞുപിടിച്ച് വെളിപ്പെടുത്തിയ തേജസ്വി സൂര്യ എം.പി, ക്രമക്കേടിന് വര്‍ഗീയ നിറം പകരാനാണ് ശ്രമിക്കുന്നതെന്നും ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ഡി.കെ ശിവകുമാര്‍ ആവശ്യപ്പെട്ടു.

‘മുസ്‌ലീങ്ങളെ എങ്ങനെയാണ് തേജസ്വി സൂര്യക്ക് ഇത്തരത്തില്‍ അധിക്ഷേപിക്കാന്‍ സാധിക്കുന്നത്. അവര്‍ എന്‍റെ സഹോദരങ്ങളാണ്. ഇന്ത്യയില്‍ ഞങ്ങള്‍ ഒന്നിച്ചുജീവിക്കും. ഒന്നിച്ചുതന്നെ മരിക്കും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്‌ലീങ്ങള്‍ ഈ രാജ്യത്തെ സേവിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകും. എന്നാല്‍ ധര്‍മ്മവും ദൈവത്തിലേക്കുള്ള മാര്‍ഗവും ഒന്നു തന്നെയാണ്. ഇങ്ങനെ അധിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാന്‍ മുഖ്യമന്ത്രി യെദ്യൂരപ്പ നിര്‍ദേശിക്കണം’ – ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പി. പ്രവര്‍ത്തകരും സാമാജികരുമാണ്‌ യഥാർത്ഥത്തില്‍ ആശുപത്രികളിലെ കൊവിഡ് കിടക്കകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതെന്നും ഡി.കെ. ശിവകുമാര്‍ ആരോപിച്ചു. മുസ്‌ലിം സഹോദരങ്ങളും ചേർന്നതാണ് ഇന്ത്യ. ധൈര്യമുണ്ടെങ്കില്‍ ബി.ജെ.പി അവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കി കാണിക്കട്ടെയെന്നും ഡി.കെ ശിവകുമാര്‍ വെല്ലുവിളിച്ചു.