ബംഗളൂരു: ബി.ജെ.പി.യുടെ പ്രതികാര രാഷ്ട്രീയത്തിന് ഇരയായി അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിന്റെ ആരോഗ്യനില വഷളാകുന്നു. കസ്റ്റഡിയില്‍ ഡി.കെ. ശിവകുമാര്‍ നേരിടുന്ന കടുത്ത സമ്മര്‍ദ്ദമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന് മനു അഭിഷേക് സിങ്വി പറഞ്ഞു. ഇതിനിടെ, അമിത രക്തസമ്മര്‍ദത്തെ തുടര്‍ന്നു കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡി.കെ.ശിവകുമാറിനെ കാണാന്‍ സഹോദരനും എംപിയുമായ ഡി.കെ.സുരേഷിനും കോണ്‍ഗ്രസ് കര്‍ണാടക നിയമസഭാ കക്ഷിനേതാവ് സിദ്ധരാമയ്യയ്ക്കും അനുമതി നിഷേധിച്ചു. ദിവസം 10 മണിക്കൂര്‍ എന്ന കണക്കില്‍ 10 ദിവസം കൊണ്ട് 100 മണിക്കൂറോളം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും ആവശ്യമായ ഉത്തരങ്ങള്‍ ഡി.കെയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന വാദത്തിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയുടെ ആവശ്യം പരിഗണിച്ച് കസ്റ്റഡി 17 വരെ നീട്ടുകയും ചെയ്തു. ഡി.കെയുടെ മറുപടി അപ്രസക്തമാണെന്നാണ് ഇ.ഡിയുടെ നിലപാട്.
ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച മറുപടി സമര്‍പ്പിക്കാനും ചോദ്യം ചെയ്യും മുന്‍പ് അദ്ദേഹത്തിന്റെ ആരോഗ്യത്തിനു പ്രഥമ പരിഗണന നല്‍കാനും കോടതി നിര്‍ദേശിച്ചു. താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും കൈവശമുള്ള എല്ലാ രേഖകളും കൈമാറാന്‍ തയാറാണെന്നും ശിവകുമാര്‍ കോടതിയില്‍ പറഞ്ഞു. സ്വന്തമായി 5 അക്കൗണ്ടുകളേയുള്ളു. എന്നാല്‍ ഇഡി പറയുന്നത് 317 അക്കൗണ്ട് ഉണ്ടെന്നാണെന്നും ആരോപിച്ചു. വാദത്തിനിടെ, ശിവകുമാറിനു വേണ്ടി ഹാജരായ അഭിഭാഷക സംഘത്തിലൊരാള്‍ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്കു മാറ്റിയ ശേഷം കേസുമായി ബന്ധമില്ലാത്തവരോടു പുറത്തേക്കു പോകാന്‍ കോടതി ആവശ്യപ്പെട്ടു. കള്ളപ്പണക്കേസില്‍ മൂന്നിനാണു ശിവകുമാറിനെ അറസ്റ്റ് ചെയ്തത്.