കേരളത്തിലെ വികസനത്തെ ഇടതുസര്‍ക്കാര്‍ കൊല ചെയ്തു; അഴിമതിക്കേസുകളില്‍ സി.പി.എം – ബി.ജെ.പി ഒത്തുകളി: ആഞ്ഞടിച്ച് ഡി.കെ. ശിവകുമാര്‍

Jaihind News Bureau
Monday, April 6, 2026

കേരളത്തിന്റെ വികസനത്തെ ഇടതുപക്ഷ സര്‍ക്കാര്‍ പൂര്‍ണ്ണമായും തകര്‍ത്തുവെന്നും സംസ്ഥാനത്ത് തൊഴിലില്ലായ്മ അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലാണെന്നും കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയില്‍ പോലും നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിക്ഷേപം കൊണ്ടുവരാനും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയാത്തവര്‍ എന്തിനാണ് അധികാരത്തില്‍ തുടരുന്നതെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനുള്ള ഒരു സാഹചര്യവും ഇവിടെയില്ലെന്ന് ഡി.കെ. ശിവകുമാര്‍ ആരോപിച്ചു. നിക്ഷേപങ്ങള്‍ ക്ഷണിക്കാന്‍ കേരളത്തിലെ മുഖ്യമന്ത്രിയോ മന്ത്രിമാരോ ശ്രമിച്ചിട്ടുണ്ടോ എന്ന് താന്‍ ദാവോസില്‍ വെച്ച് അന്വേഷിച്ചിരുന്നു. എന്നാല്‍ ഒന്നുമില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിനു വിപരീതമായി കര്‍ണാടകയില്‍ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം കൊണ്ടുവരാനും പതിനായിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാനും കോണ്‍ഗ്രസ് സര്‍ക്കാരിന് സാധിച്ചു. കേരളത്തിലെ പത്തു വര്‍ഷത്തെ ഇടത് ഭരണം എല്ലാ അര്‍ത്ഥത്തിലും പരാജയമാണെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പല അഴിമതിക്കേസുകളിലും സി.പി.എമ്മിന് ബി.ജെ.പി സംരക്ഷണം നല്‍കുകയാണെന്ന് ശിവകുമാര്‍ ആരോപിച്ചു. പല ഗുരുതര കേസുകള്‍ ഉണ്ടായിട്ടും കേന്ദ്ര ഏജന്‍സികള്‍ കേരളത്തിലേക്ക് വരാത്തത് ഈ അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണ്. ശബരിമലയിലെ സ്വര്‍ണ്ണം മോഷണം പോയ വിഷയത്തില്‍ പോലും പ്രധാനമന്ത്രി മോദി മൗനം പാലിക്കുന്നത് ഇതിനാലാണ്. ഇത് ഒരു ദേശീയ പ്രശ്‌നമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഴിമതികളില്‍ കേന്ദ്ര ഏജന്‍സികള്‍ സംരക്ഷണം നല്‍കിയാലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കര്‍ണാടകയില്‍ കോണ്‍ഗ്രസ് നല്‍കിയ അഞ്ച് ഗ്യാരണ്ടികളും ആദ്യ മന്ത്രിസഭയില്‍ തന്നെ അംഗീകരിച്ച് നടപ്പിലാക്കിയ മാതൃക കേരളത്തിലും ആവര്‍ത്തിക്കും. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജനങ്ങള്‍ക്ക് നല്‍കുന്ന എല്ലാ വാഗ്ദാനങ്ങളും സമയബന്ധിതമായി പാലിക്കും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ യു.ഡി.എഫ് അധികാരത്തിലെത്തും. യുവാക്കള്‍ക്ക് വലിയ പ്രാതിനിധ്യമാണ് ഇത്തവണ കോണ്‍ഗ്രസ് നല്‍കുന്നത്. സുതാര്യവും അഴിമതിരഹിതവുമായ ഭരണമായിരിക്കും യു.ഡി.എഫിന്റേതെന്ന് അദ്ദേഹം ഉറപ്പുനല്‍കി.

ശരണ്യയ്ക്ക് അഭിനന്ദനം

കുടകില്‍ വനത്തില്‍ കാണാതായ ശരണ്യ എന്ന പെണ്‍കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. വിവരം ലഭിച്ചപ്പോള്‍ തന്നെ കൃത്യമായ ഇടപെടല്‍ നടത്തിയിരുന്നു. വന്യജീവികള്‍ അടക്കമുള്ള പ്രതിബന്ധങ്ങളെ അതിജീവിച്ച ശരണ്യ കരുത്തുറ്റ സ്ത്രീയാണെന്ന് അദ്ദേഹം അഭിനന്ദിച്ചു. അയ്യപ്പനോടും ചാമുണ്ഡിയോടും പ്രാര്‍ത്ഥിച്ചുവെന്നും തിരച്ചില്‍ നടത്തിയ ഗോത്രവിഭാഗങ്ങളെയും ജീവനക്കാരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.