‘സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ ക്ഷേത്രത്തില്‍ യാഗങ്ങളും മൃഗബലികളും നടത്തുന്നു’: ഡി.കെ. ശിവകുമാര്‍

Jaihind Webdesk
Friday, May 31, 2024

 

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി  സിദ്ധരാമയ്യയെയും തന്നെയും നശിപ്പിക്കാന്‍ കേരളത്തിലെ ഒരു ക്ഷേത്രത്തില്‍ യാഗങ്ങളും മൃഗബലികളും നടന്നതായി വിവരം ലഭിച്ചുവെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ക്കാനുളള ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലുളള പ്രവര്‍ത്തികള്‍ നടക്കുന്നതെന്നും ശിവകുമാറിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടക സര്‍ക്കാരിനെതിരെ കേരളത്തില്‍ ഗൂഢാലോചന നടക്കുന്നുണ്ട്. ആരാണ് യാഗം നടത്തിയത്, ആരൊക്കെയാണ് അതില്‍ പങ്കെടുത്തത്, ആരാണ് ഇതിന് പിന്നിലെന്ന് തനിക്ക് അറിയാമെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു. ആരുടെയും പേര് നേരിട്ട് പറയാതെ രാഷ്ട്രീയ എതിരാളികളാണ് ഇത് ചെയ്തതെന്നും മൃഗബലിയും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ലെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.