ലണ്ടന്‍: വിംബിള്‍ഡണ്‍ 2021 പുരുഷ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പർ താരമായ സെർബിയയുടെ നൊവാക് ജോക്കോവിച്ചിന്. ജോക്കോവിച്ചിന്‍റെ ആറാം വിംബിള്‍ഡണ്‍ കിരീടവും 20-ാം ഗ്രാൻസ്‍ലാം നേട്ടവുമാണിത്. വിംബിൾഡണിലെ സെന്‍റർ കോർട്ടിൽ നടന്ന ഫൈനലിൽ ഇറ്റാലിയൻ താരം മാറ്റിയോ ബെറെറ്റിനിയെയാണ് ജോക്കോവിച്ച് അടിയറവ് പറയിച്ചത്.
കിരീട നേട്ടത്തോടെ 20–ാം ഗ്രാൻസ്‍ലാം കിരീടമെന്ന റോജർ ഫെഡററുടെയും റാഫേൽ നദാലിന്‍റെയും റെക്കോർഡിന് ഒപ്പവും ജോക്കോവിച്ച് എത്തി. ജോക്കോവിച്ചിന്‍റെ കരിയറിലെ 30–ാം ഗ്രാൻസ്‍ലാം ഫൈനലായിരുന്നു ഞായറാഴ്ചത്തേത്. ബെറെറ്റിനിയുടേത് കന്നി ഫൈനലും. മൂന്ന് മണിക്കൂറും 23 മിനിറ്റും നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ സെറ്റ് നഷ്ടമായ ശേഷമായിരുന്നു ജോക്കോവിച്ചിന്‍റെ തിരിച്ചുവരവ്. സ്കോർ 6–7, 6–4, 6–4, 66–3.
നേരത്തെ ഈ വര്‍ഷത്തെ ഫ്രഞ്ച് ഓപ്പണിലും ജോക്കോവിച്ച് കിരീടം നേടിയിരുന്നു. ഫൈനലില്‍ ഗ്രീസിന്‍റെ അഞ്ചാം സീഡ് സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തകര്‍ത്തായിരുന്നു കിരീട നേട്ടം. 2021-ല്‍ നടന്ന ഗ്രാൻസ്‍ലാം ടൂര്‍ണമെന്‍റുകളില്‍ ജോക്കോവിച്ചിന്‍റെ 21-ാം ജയവുമാണിത്.