സി.പി.എമ്മിൽ വിചാരണാകാലം; നേതൃത്വത്തെ തിരുത്തി ജില്ലാ കമ്മിറ്റികൾ; വിമർശനങ്ങളിൽ മുങ്ങി സംസ്ഥാന സെക്രട്ടറിയേറ്റ്

Jaihind News Bureau
Saturday, December 27, 2025

തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താൻ സി.പി.എം സംസ്ഥാന നേതൃയോഗങ്ങൾ തിരുവനന്തപുരത്ത് ആരംഭിച്ചു. വിവിധ ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച റിപ്പോർട്ടുകൾ ഇന്ന് ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിശദമായി ചർച്ച ചെയ്തു. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലുകളെ തള്ളുന്ന രീതിയിലുള്ള റിപ്പോർട്ടുകളാണ് താഴെത്തട്ടിൽ നിന്ന് ഉയർന്നു വന്നിരിക്കുന്നത്.

ഭരണവിരുദ്ധ തരംഗം നിലനിന്നിട്ടില്ലെന്നും ശബരിമല സ്വർണ്ണക്കൊള്ളക്കേസ് തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നുമുള്ള സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനോട് ജില്ലാ ഘടകങ്ങൾ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെയും സർക്കാരിന്റെയും പ്രവർത്തനശൈലിക്കെതിരെയും പാർട്ടിയുടെ നയസമീപനങ്ങൾക്കെതിരെയും തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റികളിൽ നിന്ന് അതിരൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിൽ അതൃപ്തി ഉണ്ടാക്കിയെന്ന് ഈ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

പാർട്ടിയുടെ പരമ്പരാഗത വോട്ടുബാങ്കുകളിലും ന്യൂനപക്ഷ സമുദായങ്ങൾക്കിടയിലും ഉണ്ടായ വലിയ ചോർച്ചയാണ് പരാജയത്തിന് ആക്കം കൂട്ടിയതെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടെയും വിലയിരുത്തൽ. ന്യൂനപക്ഷങ്ങൾ പാർട്ടിയിൽ നിന്ന് അകന്നത് തിരിച്ചടിയുടെ ആഴം വർധിപ്പിച്ചു. ശബരിമല വിവാദങ്ങൾ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സെക്രട്ടറിയേറ്റിൽ ഉയർന്ന ഈ വാദപ്രതിവാദങ്ങൾ നാളെയും മറ്റന്നാളുമായി നടക്കുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലും തുടരാനാണ് സാധ്യത. പരാജയത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ചും തിരുത്തൽ നടപടികൾ സംബന്ധിച്ചും സംസ്ഥാന കമ്മിറ്റിയിൽ ചൂടേറിയ ചർച്ചകൾക്ക് കളമൊരുങ്ങും. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിയിൽ വലിയ തോതിലുള്ള നയപരമായ മാറ്റങ്ങൾ ഉണ്ടാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.