ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണി : വിവിധ വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം

Jaihind Webdesk
Thursday, September 2, 2021

തിരുവനന്തപുരം : വിവിധ വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും സ്ഥാനമാറ്റം. വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയെ പട്ടിക വര്‍ഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. കൊല്ലം, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് പുതിയ കളക്ടര്‍മാര്‍ വരിക.

നിലവില്‍ ഇലക്ടട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായ മൊഹമ്മദ് വൈ. സഫീറുള്ളയെ കേരള ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് വകുപ്പില്‍ സ്‌പെഷല്‍ കമ്മിഷണറായും നിയമിച്ചു.

സര്‍വേ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്‌സ് വകുപ്പ് ഡയറക്ടര്‍ എസ്. സാംബശിവ റാവുവിന് കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറുടെയും കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ സി.ഇ.ഒയുടെയും അധികച്ചുമതല കൂടി നല്‍കി.

വയനാട് കളക്ടര്‍ അദീല അബ്ദുള്ളയെ വനിതാ-ശിശു വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. ജെന്‍ഡര്‍ പാര്‍ക്കിന്റ സി.ഇ.ഒ., സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഡയറക്ടര്‍ എന്നീ അധികച്ചുമതലയും അദീലയ്ക്ക് നല്‍കിയിട്ടുണ്ട്. എന്‍ട്രന്‍സ് എക്‌സാമിനേഷന്‍സ് കമ്മിഷണര്‍ എ. ഗീതയാണ് പുതിയ വയനാട് കളക്ടര്‍.

മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതി മിഷന്‍ ഡയറക്ടര്‍ എസ്. ഷാനവാസിനെ കൊച്ചിന്‍ സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ് സി.ഇ.ഒ. ആയി നിയമിച്ചു. വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റി, കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്നിവയുടെ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതലയും ഇദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്.

കൊല്ലം ജില്ലാ കളക്ടര്‍ അബ്ദുള്‍ നാസറെ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ മിഷന്‍ ഡയറക്ടറായി നിയമിച്ചു. നിലവില്‍ എറണാകുളം ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് കമ്മിഷണറായ അഫ്‌സാന പര്‍വീണാണ് കൊല്ലത്തിന്റെ പുതിയ കളക്ടര്‍.

സിവില്‍ സപ്ലൈസ് വകുപ്പ് ഡയറക്ടര്‍ ഡോ. ഡി. സജിത് ബാബുവിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയറക്ടറുടെ അധികച്ചുമതല കൂടി നല്‍കി.

മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണനെ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടറായി നിയമിച്ചു. നിലവില്‍ എംപ്ലോയ്‌മെന്റ് ആന്‍ഡ് ട്രെയിനിങ് വകുപ്പ് ഡയറക്ടറായ വി.ആര്‍. പ്രേംകുമാര്‍ ആണ് പുതിയ മലപ്പുറം കളക്ടര്‍.

കണ്ണൂര്‍ കളക്ടര്‍ ടി.വി. സുഭാഷിനെ അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഫാമേഴ്‌സ് വെല്‍ഫെയര്‍ വകുപ്പ് ഡയറക്ടറായി നിയമിച്ചു.

ഹൗസിങ് കമ്മിഷണര്‍ എന്‍. ദേവിദാസിന് ബാക്വേഡ് ക്ലാസസ് ഡെവലപ്‌മെന്റ് വകുപ്പ് ഡയറക്ടറുടെ അധികച്ചുമതല കൂടി നല്‍കും.

കണ്ണൂര്‍ ഡിസ്ട്രിക്ട് ഡെവലപ്‌മെന്റ് ഓഫീസര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങിനെ കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ ഡയറക്ടറായി നിയമിച്ചു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ്, സി-ഡിറ്റ് ഡയറക്ടര്‍ എന്നിവയുടെ അധികച്ചുമതല കൂടി നല്‍കിയിട്ടുണ്ട്.