1 ലക്ഷം മെന്‍സ്ട്രല്‍ കപ്പുകളുടെ വിതരണം; ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ ഹൈബി ഈഡന്‍ എംപിയുടെ മാതൃകാ പദ്ധതി

കൊച്ചി: ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന കപ്പ് ഓഫ് ലൈഫ് മാതൃകാ പദ്ധതിക്ക് കൊച്ചിയിൽ തുടക്കമായി. ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന പരിപാടി ഗിന്നസ് ബുക്കില്‍ ഇടംപിടിക്കാനൊരുങ്ങുകയാണ്. ദേശീയ തലത്തില്‍ തന്നെ  ശ്രദ്ധയാകർഷിച്ച മാതൃകാ ബോധവത്ക്കരണ പദ്ധതിക്ക് ഇന്ന് സമാപനം കുറിക്കും.

ഇന്നലെ ഉച്ചയോടെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഗിന്നസ് വേൾഡ് റെക്കോഡ് അഡ്ജുഡിക്കേറ്ററുടെ സാന്നിധ്യത്തിൽ മെൻസ്ട്രൽ കപ്പുകൾ എണ്ണി തിട്ടപ്പെടുത്തി. തുടർന്ന് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരുന്ന കൗണ്ടറുകളിൽ നിന്ന് 120 വേദികളിലേക്കുള്ള മെൻസ്ട്രൽ കപ്പ് വിതരണം ആരംഭിച്ചു. 120 വേദികളിലെയും നോഡൽ ഓഫീസർമാരും പ്രതിനിധികളും കപ്പുകൾ ഏറ്റുവാങ്ങി.കപ്പുകളുടെ വിതരണം വിവിധ വേദികളിലായി ഇന്ന് വൈകിട്ട് വരെ നടക്കും.

വൈകിട്ട് അഞ്ച് മണിക്ക് ലുലു മാൾ ഏട്രിയത്തിൽ ഗിന്നസ് പ്രഖ്യാപന ചടങ്ങ് നടക്കും. സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിയോടെ ചടങ്ങുകൾക്ക് തുടക്കമാകും. 6 മണിക്ക് കപ്പ് ഓഫ് ലൈഫ് പദ്ധതി ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ചത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കും. മുത്തൂറ്റ് ഫിനാൻസ്,എറണാകുളം ജില്ലാ ഭരണകൂടം, ഐഎംഎ കൊച്ചി എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനായി ഒന്നരക്കോടി രൂപയാണ് സിഎസ്ആർ ഫണ്ടിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് അനുവദിച്ചത്.

Comments (0)
Add Comment