രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്; രാഷ്ട്രീയ പ്രേരിതവും ജനാധിപത്യവിരുദ്ധവും; അലോഷ്യസ് സേവ്യർ

Jaihind Webdesk
Friday, March 24, 2023


തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കികൊണ്ട് ലോക്സഭാ സെക്രട്ടേറിയേറ്റിൻ്റെ ഉത്തരവ് രാഷ്ട്രീയ പ്രേരിതവും ജനാധിപത്യവിരുദ്ധ്യമാണെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ്  അലോഷ്യസ് സേവ്യർ പറഞ്ഞു.

സൂറത്ത് മജിസ്ട്രേറ്റ് കോടതി തന്നെ തുടർ നിയമനടപടികൾ സ്വീകരിക്കുന്നതിനായി 30 ദിവസം സമയം അനുവദിച്ചിട്ടുണ്ട്. മേൽകോടതികളെ സമീപിക്കുന്നതിന് മുന്നോടിയായി ആരെ തൃപ്തിപ്പെടുത്താനാണ് വേഗത്തിലുള്ള ഈ തീരുമാനം എന്നത് പകൽ പോലെ വ്യക്തമാണ്. ബിജെപിയും സംഘപരിവാറും രാഹുൽ ഗാന്ധിയുടെ ശബ്ദത്തെയും ആശയങ്ങളെയും എത്രത്തോളം ഭയപ്പെടുന്നു എന്നതിനെ ഉത്തമ ഉദാഹരണമായി ഈ അയോഗ്യത മാറപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ കണ്ടും കേട്ടും രാഹുൽഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്ക് പിന്നാലെ സമാനതകളില്ലാത്ത തരത്തിൽ രാഹുൽ ഗാന്ധിക്കു നേരെ സംഘ പരിവാർ ആസൂത്രിതമായ ആക്രമണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിദ്യാർത്ഥി സമൂഹം ഏറെ പ്രതീക്ഷയോടു കൂടി നോക്കി കാണുന്ന നേതാവാണ് രാഹുൽ ഗാന്ധി.രാജ്യത്തെക്കുറിച്ച് കൃത്യമായ വീക്ഷണവും കാഴ്ച്ചപ്പാടും അദ്ദേഹത്തിനുണ്ട്. അദ്ദേഹം ശബ്ദിക്കുന്നത് ഈ രാജ്യത്തിന് വേണ്ടിയാണ് എന്ന ഉത്തമ ബോധ്യം തങ്ങൾക്കുണ്ടെന്നും കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി.

സകല ജനാധിപത്യ മര്യാദകളും ലംഘിച്ച് രാഹുൽ ഗാന്ധിയ്ക്ക് അയോഗ്യത കൽപ്പിച്ച നടപടിക്കെതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം യൂണിറ്റ് തലങ്ങളിൽ ഐക്യദാർഢ്യ സദസ്സുകൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.