മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അയല്‍വാസികള്‍ തമ്മില്‍ തർക്കം; കണ്ണൂർ ഇടച്ചേരിയില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Jaihind Webdesk
Monday, May 27, 2024

 

കണ്ണൂർ: ഇടച്ചേരിയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ഇടച്ചേരി നമ്പ്യാർ മൊട്ടയിലെ അജയകുമാർ (63) ആണ് കൊല്ലപ്പെട്ടത്. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിന്നിരുന്നു. ഇതിനെ ചൊല്ലിയുള്ള വാക്കുതർക്കമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.

മലിന ജലം ഒഴുക്കുന്നത് അജയകുമാർ ചോദ്യം ചെയ്‌തതാണ് തർക്കത്തിന് കാരണം. സംഭവത്തിൽ അയൽവാസിയായ ടി. ദേവദാസ്, മക്കളായ സായ്ദാസ്, സൂര്യദാസ്, ഒരു ഇതര സംസ്ഥാന തൊഴിലാളി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേവദാസിന്‍റെ വീട്ടിലെ പൈപ്പ് പൊട്ടി വെള്ളം പാഴായി പോകുന്നത് അജയകുമാര്‍ ശ്രദ്ധയില്‍പ്പെടുത്തിയത് ഇരുവരും തമ്മിലുള്ള വാക്കേറ്റത്തിന് കാരണമായതാണ് പ്രദേശവാസികൾ പറയുന്നത്. തുടര്‍ന്ന് ഇന്നലെ രാത്രി എട്ടുമണിയോടെ ഇതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കം ഉണ്ടായി. പിന്നാലെ മർദ്ദിച്ചു. മർദ്ദനമേറ്റ് റോഡിൽ കിടന്ന ഇയാളെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.