പിടിഎയുമായി തർക്കം: സ്കൂള്‍ കെട്ടിടം പൂട്ടി കിഫ്ബി; പ്രതിഷേധം

Jaihind Webdesk
Wednesday, August 24, 2022

 

കൊച്ചി: വെണ്ണല ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കെട്ടിടം പൂട്ടി കിഫ്ബി. നാളെ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങാനിരിക്കെയാണ് കിഫ്ബി നടപടി.  കെട്ടിടത്തിന്‍റെ നിര്‍മാണ പൂര്‍ത്തീകരണ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല എ‌ന്നതാണ് കിഫ്ബിയുടെ വിശദീകരണം വിശദീകരണം. അതേസമയം പിടിഎയുമായുള്ള തർക്കമാണ് നടപടിക്ക് പിന്നിലെന്ന് ആക്ഷേപമുണ്ട്.

യാതൊരു മുന്നറിയിപ്പും നൽകാതെയാണ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് പുതുതായി നിർമ്മിച്ച കെട്ടിടം പൂട്ടിയത്. പ്രിൻസിപ്പലിന്‍റെ മുറിയും ക്ലാസ് മുറികളും അടക്കമാണ് പൂട്ടിയിരിക്കുന്നത്. നാളെ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കാനിരിക്കെയാണ് കിഫ്ബിയുടെ നടപടി. പിടിഎയുമായുള്ള തര്‍ക്കമാണ് സ്കൂള്‍ കെട്ടിടം പൂട്ടാന്‍ കാരണം.  ഇടിഞ്ഞു വീഴാറായ കെട്ടിടത്തിലാണ് നിലവില്‍ ക്ലാസുകൾ നടക്കുന്നത്. 3.5 കോടിയോളം മുടക്കിയാണ് പുതിയ കെട്ടിടം നിർമിച്ചത്. തൂത്തുവാരിയില്ല എന്നതുപോലെയുള്ള നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൂട്ടിയതെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. കെട്ടിടം പൂട്ടിയതോടെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. നാളെ ക്ലാസുകൾ ആരംഭിക്കുമ്പോൾ വിദ്യാർത്ഥികളെ എവിടെ ഇരുത്തും എന്ന ആശങ്കയിലാണ് അധ്യാപകർ.

വിഷയത്തിൽ അടിയന്തര പരിഹാരം കാണണമെന്നാണ് അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ആവശ്യപ്പെടുന്നത്.കിഫ്ബി അധികൃതരുടെ നടപടിയിൽ നാട്ടുകാരും കനത്ത പ്രതിഷേധത്തിലാണ്. എന്നാൽ ഒരു സർക്കാർ വിദ്യാലയത്തിലെ ക്ലാസ് മുറികൾ തന്നെ ഇത്തരത്തിൽ ഒരു നിസാര കാരണം പറഞ്ഞ് പൂട്ടിയതിന് വ്യക്തമായ ഉത്തരം നൽകാൻ കിഫ്ബി അധികൃതർ ഇതുവരെ തയാറായിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം. കിഫ്ബി നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.